തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തന്ത്രി വിളിച്ചെന്നാണ് ശ്രീധരൻ പിള്ള പറയുന്നത്
മലപ്പുറം: യുവമോര്‍ച്ച യോഗത്തില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. തന്ത്രിയാണോ കുടുംബാംഗങ്ങളാണോ വിളിച്ചതെന്ന് ഓർമ്മയില്ല. അന്നേ ദിവസം നൂറുകണക്കിന് കോളുകൾ വന്നിരുന്നു. വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞതിനെ മാനിക്കുന്നു. ബാക്കി അന്വേഷിക്കുന്നവർ കണ്ടെത്തട്ടെ എന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ഐജി ശ്രീജിത്ത് രണ്ടു സ്ത്രീകളുമായി സന്നിധാനത്തിന് അടുത്ത് എത്തിയപ്പോൾ തന്ത്രി കണ്ഠരര് രാജീവര് വിളിച്ചിരുന്നുവെന്നും തന്‍റെ ഉറപ്പിന്മേലാണ് സ്ത്രീകൾ സന്നിധാനത്ത് പ്രവേശിച്ചാൽ നട അടച്ചിടുമെന്ന് തന്ത്രി തീരുമാനിച്ചതെന്നും യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരൻ പിളള പറഞ്ഞിരുന്നു. എന്നാല്‍ തന്ത്രി ഇത് നിഷേധിച്ചിരുന്നു. ഇതോടെ നടയടക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരിയെന്ന് ശ്രീധരന്‍ പിള്ള ഇന്നലെ പറഞ്ഞിരുന്നു. കണ്ഠരര് രാജീവരുടെ പേര് താന്‍ പറഞ്ഞിട്ടില്ല. തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ ഉദ്ദേശിച്ചത്. ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ലെന്നും ഇന്നലെ ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.
എന്നാൽ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തന്ത്രി വിളിച്ചെന്നാണ് ശ്രീധരൻ പിള്ള പറയുന്നത്. ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പട്ട കെ.മുരളീധരനെയും ശ്രീധരന്‍ പിള്ള വിമര്‍ശിച്ചു. അച്ഛന്‍റെ മൂത്രശങ്കയില്‍ നേതാവായ ആളാണ് തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.
