കോഴിക്കോട് യുമോർച്ച പരിപാടിയിൽ പി.എസ് ശ്രീധരൻ പിള്ള നടത്തിയ പ്രസംഗത്തിലാണ് ശബരിമല നടയടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രി തന്നെ വിളിച്ചുവെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞത്. എന്നാൽ പ്രസംഗത്തെ തള്ളി തന്ത്രി രംഗത്ത് വന്നതോടെ ശ്രീധരന്‍ പിള്ള മലക്കം മറിയുകയായിരുന്നു.

കൊച്ചി: ശബരിമല നടയടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിലെ മലക്കം മറിച്ചിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരൻ പിള്ളയ്ക്ക് ഹൈക്കോടതിയിൽ തിരിച്ചടിയാകും. ക്ഷേത്ര നടയടയ്ക്കുന്നതിനുള്ള നിയമോപദേശത്തിനായി തന്ത്രി വിളിച്ചെന്ന മുൻ നിലപാടാണ് കഴിഞ്ഞദിവസം ശ്രീധരന്‍ പിള്ള തിരുത്തിയത്. എന്നാൽ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തന്ത്രി വിളിച്ചെന്നാണ് ശ്രീധരൻ പിള്ള പറയുന്നത്.

കോഴിക്കോട് യുവമോർച്ച പരിപാടിയിൽ പി.എസ് ശ്രീധരൻ പിള്ള നടത്തിയ പ്രസംഗത്തിലാണ് ശബരിമല നടയടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രി തന്നെ വിളിച്ചുവെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞത്. എന്നാൽ പ്രസംഗത്തെ തള്ളി തന്ത്രി രംഗത്ത് വന്നതോടെ ശ്രീധരന്‍ പിള്ള മലക്കം മറിയുകയായിരുന്നു.

അതേസമയം, പ്രസഗത്തിന്‍റെ പേരില്‍ കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തന്ത്രി നിയമോപദേശത്തിനായി തന്നെ വിളിച്ചെന്നാണ് ശ്രീധരൻ പിള്ള വ്യക്തമാക്കുന്നത്. പ്രസംഗത്തിന്‍റെ സിഡിയും ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്. 

തന്ത്രി വിളിച്ചില്ല എന്ന നിലപാട് മാറ്റത്തിന് മുൻപായിരുന്നു ഹ‍ർജി നല്‍കിയത്. കേസിൽ ചൊവ്വാഴ്ചവരെ ശ്രീധരൻ പിള്ളയെ അറസ്റ്റ് ചെയ്യില്ലെന്ന് സർ‍ക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുമ്പോൾ പ്രസംഗത്തിൽ മലക്കം മറിഞ്ഞ ശ്രീധരൻ പിള്ള ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ എന്ത് നിലപാടെടുക്കുമെന്നാണ് കണ്ടറിയേണ്ടത്.