ആലപ്പുഴ: ഇരവുകാട് വാര്‍ഡില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീജ (14) ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് പരാതി നല്‍കി. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ലെന്ന് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇരവുകാട് വാര്‍ഡിലെ ടെംബിള്‍ ഓഫ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥിനിയായ ശ്രീജ ഇവിടുത്തെ പ്രന്‍സിപ്പല്‍ ഇന്ദു ടീച്ചറുടെ മാനസിക പീഢനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് കാട്ടി മാതാപിതാക്കള്‍ നേരത്തെ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കിയിരുന്നു. 

പോലീസ് കംപ്ലയിന്റ് അഥോറിറ്റിയ്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. ശ്രീജയുടെ ആത്മഹത്യക്കുറിപ്പ് എടുത്ത് മാറ്റിയ സൗത്ത് എസ്‌ഐ രാജേഷിനെതിരെ രേഖമൂലമാണ് മാതാപിതാക്കള്‍ പ്രതിപക്ഷ നേതാവിന്് പരാതി നല്‍കിയത്. മകളുടെ മരണത്തെത്തുടര്‍ന്ന് നിര്‍ദ്ധനരായ കുടുംബം സ്‌ക്കൂള്‍ അധികൃതരില്‍ നിന്നും ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങുകയാണ്. മരണത്തിന് ശേഷം ആരോപണ വിധേയായ പ്രിന്‍സിപ്പലും സൗത്ത് എസ്‌ഐയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. 

സ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മകള്‍ക്ക് അസ്വാഭാവിക മരണമാണ് സംഭവിച്ചിരിക്കുന്നതെന്നും മകളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു. രാഷ്ട്രീയ പിന്‍ബലമുള്ളതിനാലാണ് പ്രിന്‍സിപ്പലിനെതിരെ കേസെടുക്കാത്തതെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.