തിരുവനന്തപുരം: തന്റെ സമരം അവസാനിച്ചിട്ടിലെന്നും തനിക്ക് നീതി കിട്ടിയില്ലെന്നും ശ്രീജിത്ത്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഫോറത്തിനെതിരെയും ശ്രീജിത്തിന്റെ വിമര്‍ശനം. കോര്‍ കമ്മിറ്റി അഴിമതി കാണിച്ചെന്നും തന്റെ പേരില്‍ മറ്റുള്ളവരില്‍ നിന്നും ഇവര്‍ പണം വാങ്ങിയെന്നും ശ്രീജിത്ത് ഫെയ്‌സ്ബുക്ക് ലൈവില്‍ ആരോപിച്ചു. തനിക്കും അമ്മയ്ക്കും ഭീഷണിയുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.

തന്നെയും സോഷ്യല്‍ മീഡിയയും മുതലെടുത്ത് ചിലര്‍ സമരം പൊളിച്ചു എന്ന് ശ്രീജിത്ത്. നിംസ് ആശുപത്രിയില്‍ കഴിയുന്ന ശ്രീജിത്ത് ഫേസ്ബുക്കില്‍ ഇട്ട ലൈവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തന്റെ ആരോഗ്യസ്ഥിതി മോഷമായതിനെത്തുടര്‍ന്നാണ് സമരം താല്‍കാലികമായി അവസാനിപ്പിച്ചത്. ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് ഉടന്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരത്തിന് തിരികെയെത്തുമെന്നു ശ്രീജിത്ത് പറഞ്ഞു. തനിക്ക് നീതി കിട്ടിയെന്ന തരത്തില്‍ ചിലര്‍ പറഞ്ഞ് പ്രചരിപ്പിക്കുകയാണെന്നും കോര്‍ കമ്മിറ്റി എന്ന തരത്തില്‍ ചിലര്‍ ചേര്‍ന്ന് കൂട്ടായ്മ രൂപീകരിക്കുകയും തന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്നും ലൈവില്‍ ശ്രീജിത്ത് പറയുന്നു. 

കൂടാതെ ആര്‍ക്കും ഒരു ശല്യവും ചെയ്യാതെ ഒരു സമരപന്തല്‍ പോലും കെട്ടാതെ സമരം ചെയ്ത താന്‍ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് അവിടെ വെച്ചിരുന്ന ഫ്‌ളക്‌സ് ആരോ വലിച്ചു കീറി. തനിക്ക് അത്രയേറെ ഓര്‍മകള്‍ ഉള്ളതാണ് ആ ഫ്‌ളക്‌സുകള്‍ എന്നും ശ്രീജിത്ത് പറഞ്ഞു. സഹോദരന്‍ നഷ്ടപ്പെട്ട തന്റെ മാനസികാവസ്ഥ മനസിലാക്കാതെ പലരും മുതലെടുക്കുകയായിരുന്നുയെന്നും ശ്രീജിത്ത് ആരോപിക്കുന്നു. തന്നെ മുതലെടുക്കുന്നവരുടെ സഹായം ഇനിവേണ്ടെന്നും നല്ലവരായ തന്നെ സഹായിക്കാന്‍ ശ്രമിക്കുന്നവരുടെ സഹായം മാത്രം മതിയെന്നും ശ്രീജിത്ത് പറഞ്ഞു. ആരോഗ്യനില കുറച്ചു മെച്ചപ്പെട്ടിട്ടുണ്ടെന്നും തന്റെ തുടര്‍ന്നുളള സമരത്തില്‍ ജനങ്ങളുടെ സഹകരണം വേണമെന്നും ശ്രീജിത്ത് ആവശ്യപ്പെട്ടു.