വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതകം വരാപ്പുഴയിൽ ഇന്ന് സിപിഎം വിശദീകരണ യോഗം കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കും കോടിയേരി ശ്രീജിത്തിന്‍റെ വീട്ടിലെത്തുമോ എന്ന് വ്യക്തമല്ല

ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലപാതകത്തിൽ പ്രതിരോധത്തിലായ സിപിഎം ഇന്ന് വരാപ്പുഴയിൽ വിശദീകരണ യോഗം നടത്തും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കും. കസ്റ്റഡി കൊലപാതകത്തിൽ ആരോപണ നിഴലിലായ സിപിഎം ജില്ലാ സെക്രട്ടറിയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എറണാകുളത്തുണ്ടായിരുന്നെങ്കിലും ശ്രീജിത്തിന്‍റെ വീട് സന്ദർശിച്ചിരുന്നില്ല. ഇതിൽ ശ്രീജിത്തിന്റെ കുടുംബാംഗങ്ങൾക്ക് അതൃപ്തിയുണ്ട്. കോടിയേരി പൊതുയോഗത്തിൽ പങ്കെടുക്കുമെങ്കിലും ശ്രീജിത്തിന്‍റെ വീട്ടിലെത്തുമോ എന്നതിൽ വ്യക്തതയില്ല. സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, എസ് ശർമ എംഎൽഎ തുടങ്ങിയവരും വരാപ്പുഴ ടൗണിൽ വൈകീട്ട് ആറിന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.