വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

First Published 17, Apr 2018, 8:27 AM IST
sreejiths Varapuzha Police custody death Family demands cbi investigation
Highlights
  • വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണം പ്രതികളെ പിടിക്കാത്ത അന്വേഷണ സംഘത്തിന്റെ നടപടിയിൽ കുടുബത്തിനു അതൃപ്തി. പോലീസുകാരായ പ്രതികളെ സംരക്ഷിക്കാൻ നീക്കമെന്ന് സംശയിക്കുന്നതായും മകന്റെ കൊലയാളികളെ കണ്ടെത്തണമെന്നും കേസ്  സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ അമ്മ ശ്യാമള രംഗത്തെത്തി. നീതി തേടി ഏതറ്റം വരെയും പോകുമെന്നും അവര്‍ പറഞ്ഞു.

പൊലീസുകാർ ക്രൂരമായി മർദിച്ചെന്ന് ശ്രീജിത്ത്‌ പറഞ്ഞതായി ശ്രീജിത്തിന്റെ ഭാര്യ അഖില പറഞ്ഞു. മജിസ്‌ട്രേറ്റിനു മുമ്പില്‍ ശ്രീജിത്തിനെ എത്തിക്കാതിരിക്കാനും പൊലീസ് ശ്രമിച്ചു.കസ്റ്റഡി യിൽ എടുത്തിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും മജിസ്‌ട്രേറ്റിനു മുന്നിൽ ശ്രീജിത്തിനെ ഹാജരാക്കാതെ പോലീസ് ഒളിച്ചുകളിച്ചു. 

ആറിന് കസ്റ്റഡിയിലെടുത്തു. ഏഴിന് വൈകിട്ട് കോടതി സമയം കഴിഞ്ഞിട്ടും മജിസ്‌ട്രേറ്റ് കാത്തിരുന്നു എന്നിട്ടും പൊലീസ് ഹാജരാക്കിയില്ല, മജിസ്‌ട്രേറ്റിന്റെ വീട്ടിലും എത്തിച്ചില്ല.ഒടുവിൽ ആശുപത്രിയിൽ എത്തിയാണ് മജിസ്‌ട്രേറ്റ് മൊഴി എടുത്തത്. ഇതെല്ലാം ഉള്‍പ്പെടുത്തി സമഗ്ര അന്വേഷണം വേണമെന്നും അഖില ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നുണ്ടെങ്കിലും, സംഭവം നടന്ന് 11 ദിവസമായിട്ടും ശ്രീജിത്തിന് എപ്പോൾ എവിടെ വെച്ചാണ് ക്രൂരമായ മർദനമേറ്റെതെന്ന് വ്യക്തത വരുത്താൻ പോലും പൊലീസിനായിട്ടില്ല.പരസ്പരം പഴിചാരിയുള്ള മൊഴികളാണ് എറണാകുളം റൂറൽ എസ്പിയുടെ കീഴിലുള്ള സ്ക്വാഡും വരാപ്പുഴ പൊലീസും അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്. ഇതിൽ വ്യക്തത വരുത്താനാണ് ക്രൈം ബ്രാഞ്ചിന്റെ ശ്രമം. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം തന്നെ രംഗത്തെത്തിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കൂടുതല്‍ തലവേദനയാകും.

loader