ശോഭയാത്രയുടെ വർണക്കാഴ്ചകളുമായി നാടെങ്ങും ശ്രീകൃഷ്‍ണ ജയന്തി ആഘോഷം. സിപിഎമ്മിന്റെ സാംസ്കാരിക ഘോഷയാത്രയും ഉള്ളതിനാൽ കണ്ണൂരിൽ കനത്ത സുരക്ഷാ മുന്‍കരുതലുകൾക്കിടയിലാണ് ഘോഷയാത്രകൾ നടന്നത്. സിപിഎമ്മിനും ആർഎസഎസിനും വെവ്വേറെ സമയവും സ്ഥലവും അനുവദിച്ചാണ് കണ്ണൂരിൽ പരിപാടികൾ നടന്നത്.

തെരുവുകൾ നീളെ അണിഞ്ഞൊരുങ്ങിയ ഉണ്ണിക്കണ്ണന്മാർ.. കുരുന്നു ഗോപികമാർ.. കലാകാരന്മാരുടെ മികവിൽ വിരിഞ്ഞ നിശ്ചല ദൃശ്യങ്ങൾ, കലാപരിപാടികൾ... ഇങ്ങനെയായിരുന്നു സംസ്ഥാനത്ത് ഇന്ന് ശോഭായാത്രയുടെ കാഴ്ചകൾ.. അതേസമയം ശ്രീനാരായണഗുരു - ചട്ടമ്പി സ്വാമി ജയന്തിയാഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായായിരുന്നു സിപിഎം നേതൃത്വത്തിൽ നടന്ന സാംസ്കാരിക ഘോഷയാത്രകൾ.. ലോക്കൽ കമ്മിറ്റി അടിസ്ഥാനത്തിൽ വിപുലമായ ആഘോഷമാണ് സിപിഎം സംഘടിപ്പിച്ചത്. നേതാക്കളുടെയും സാംസ്കാരിക നായകന്മാരുടെയും സന്ദേശങ്ങളും ബാനറുകളും ഘോഷയാത്രയിൽ നിറഞ്ഞുനിന്നു.
കണ്ണൂരിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് സിപിഎമ്മിനും ആർഎസ്എസിനും വെവ്വേറെ സമയവും സ്ഥലവുമാണ് അനുവദിച്ചത്. ജില്ലയിൽ ഘോഷയാത്രയുടെ എണ്ണം പൊലീസ് നിയന്ത്രിച്ച 362ൽ ഒതുക്കിയിരുന്നു. പരസ്പരം മത്സരിച്ച തില്ലങ്കേരി അടക്കം സംഘർഷ ബാധിത പ്രേദേശങ്ങളിൽ എല്ലാം പൊലീസിന്റെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി അമ്പാടി മുക്കിൽ അടക്കം രാവിലെ ഉള്ള പരിപാടികൾ സിപിഎം ഉപേക്ഷിച്ചു. വിവാദങ്ങൾക്ക് ഇടനല്‍കരുതെന്ന നിർദേശവും പാർട്ടി നൽകിയിരുന്നു.


