കൊളംബോ: ശ്രീലങ്കയിൽ കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 146 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ. വെള്ളപ്പൊക്കത്തിൽ കാണാതായ 112 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ശ്രീലങ്കൻ സേനയുടെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്.
രണ്ടായിരത്തിലധികം വീടുകൾ വെള്ളപ്പൊക്കത്തിൽ നശിച്ചുവെന്നാണ് റിപ്പോർട്ട്. ഹെലികോപ്ടറുകളിലും ബോട്ടുകളിലും വെള്ളപ്പൊക്കം ബാധിച്ച മേഖലകളിൽ ഭക്ഷണവും വെള്ളവുമെത്തിക്കുന്നുണ്ട്. എന്നാൽ ഒറ്റപ്പെട്ടുപോയ മേഖലകളിൽ രക്ഷാപ്രവർത്തനം ഇനിയും സാധ്യമായിട്ടില്ല.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കായി ഇന്ത്യൻ നാവിക സേനയുടെ ഐ. എൻ.എസ് കിർച്, ഐഎന്‍എസ് ശാര്‍ദുൽ എന്നീ കപ്പലുകൾ കൊളംബോയിലെത്തി. ഭക്ഷണ സാധനങ്ങളും, വസ്ത്രങ്ങളും മരുന്നും, ഡോക്ടർമാരുടെ സംഘവും മുങ്ങൽ വിദഗ്ധരും ഹെലികോപ്റ്ററുകളും മറ്റ് ദുരന്ത നിവാരണ ഉപകകരണങ്ങളും കപ്പലിലുണ്ട്.
മറ്റൊരു നാവികസേനാ കപ്പലായ ഐഎൻഎസ് ജലശ്വാൻ കൊളംബോയിലേക്ക് പുറപ്പെട്ടു. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയുണ്ട്. എന്നാൽ ഈ സാഹചര്യം തരണം ചെയ്യാൻ സജ്ജമാണെന്ന് ശ്രീലങ്കൻ ആരോഗ്യമന്ത്രി രജിത സേനയെ അറിയിച്ചു. ഇന്ത്യയെക്കൂടാതെ ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും പാക്കിസ്ഥാനും സഹായ വാഗ്ദാനവുമായി രംഗത്തെത്തി.
