നടി ശ്രീദേവിയുടെ മരണം; കുളിമുറിയിൽ നിന്ന് റിപ്പോർട്ടർ തത്സമയം!

First Published 27, Feb 2018, 4:47 PM IST
srideviS death and circus tv reporter even jumped bath tub
Highlights
  • വിചിത്രമായ ചില ടെലിവിഷൻ കാഴ്ചകൾ

ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന് കാരണം ഹൃദയാഘാതം ആണെന്നായിരുന്നു ആദ്യം വന്ന വാ‍ർത്ത. സൗന്ദര്യ വർദ്ധക ചികിത്സകളും ശസ്ത്രക്രിയകളും എങ്ങനെ മരണ കാരണമായി എന്നായിരുന്നു ചില മാധ്യമങ്ങളുടെ ഗവേഷണം. ബാത്ത്ടബ്ബില്‍ മരിച്ച നിലയിലാണ് ശ്രീദേവിയെ കണ്ടെത്തിയത് എന്ന വാര്‍ത്ത എത്തിയതോടെ വാർത്താവതാരകരുടെ പശ്ചാത്തലം കുളിമുറിയായി.

ചിലർ വാർത്ത വായിക്കുന്നത് കുളിമുറിയുടെ പശ്ചാത്തലത്തിൽ, ബാത്ത് ടബ്ബിന്‍റേയും ഷവറിന്‍റേയുമെല്ലാം ഗ്രാഫിക്സുകൾ, ബാത്ത് ടബ്ബിനുള്ളിൽ ശ്രീദേവിയുടെ ശരീരം കിടക്കുന്ന ഓഗ്മെന്‍റ് റിയാലിറ്റി വരെ... ഒരു ചാനൽ റിപ്പോ‍ർട്ടർ ഒരു  പടി കൂടി കടന്ന് ബാത്ത് ടബ്ബിൽ കിടന്നാണ് റിപ്പോർട്ടിംഗ്.

മുങ്ങിമരണം സ്ഥിരീകരിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് തന്നെ റിപ്പോർട്ടർമാരുടേയും ഗ്രാഫിക്സ് ആർട്ടിസ്റ്റുകളുടേയും ഭാവന ചിറകുവിരിച്ച് തുടങ്ങി. മുങ്ങിമരണം സ്ഥിരീകരിക്കുകയും ശ്രീദേവിയുടെ തലയിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു എന്ന ഫോറൻസിക് റിപ്പോർ‍ട്ടിലെ വിവരം പുറത്താവുകയും ചെയ്തതോടെ ചില മാധ്യമങ്ങൾ റിപ്പോ‍ർട്ടിംഗ് മര്യാദയുടെ എല്ലാ അതിരും കടന്നു. ബാത്ത് ടബ്ബിൽ മരിച്ചുകിടക്കുന്ന ശ്രീദേവിയെ നോക്കിനിൽക്കുന്ന ബോണി കപൂ‍റിന്‍റെ മോർഫ് ചെയ്ത പശ്ചാത്തലത്തിലാണ് തെലുങ്ക് ചാനൽ TV9 വാർത്ത വായിച്ചത്.

ഹിന്ദി ചാനൽ ABP ന്യൂസ് ‘കുളിമുറിയിലെ ശ്രീദേവിയുടെ അവസാനത്തെ 15 മിനുട്ടുകൾ’ ഭാവനയിൽ പുനരാവിഷ്കരിച്ചു. രക്തത്തിൽ മദ്യത്തിന്‍റെ അംശം കണ്ടെത്തി എന്ന വാർത്ത കാണിച്ചത് ബാത്ത് ടബ്ബിന് സമീപം കുറച്ച് മദ്യക്കുപ്പികളുടെ ഗ്രാഫിക്സ് ചേർത്ത്!  TIMES NOW ചാനലിൽ ബാത്ത് ടബ്ബിന് സമീപം ശ്രീദേവി നിൽക്കുന്ന ചിത്രം ചേർത്താണ് വാർത്ത അവതരിപ്പിച്ചത്.

എന്നാൽ മഹാ ന്യൂസ് എന്ന തെലുങ്ക് ചാനൽ വിചിത്രമായ വാർത്താവതരണത്തിൽ എല്ലാവരേയും കടത്തിവെട്ടി. വാർത്താവതാരകൻ ഒരു ബാത് ടബ്ബിന്‍റെ നീളവും വീതിയുമെല്ലാം കാട്ടിത്തന്ന് ശ്രീദേവിയുടെ മരണംകൊലപാതകം ആകാനുള്ള സാധ്യതകൾ വിശദീകരിക്കുന്നു. ശ്രീദേവിയെപ്പോലെ ഒരാൾക്ക് ബാത്ത് ടബ്ബിൽ മുങ്ങിമരിക്കാനാകില്ല എന്ന അനുമാനത്തിലെത്തുന്നു. ശ്രീദേവി മരണസമയത്ത് ടബ്ബിൽ കിടന്നത് എങ്ങനെയെന്നും ആരോ അവരെ മുക്കി കൊന്നത് എങ്ങനെയാകാം എന്നും വിശദീകരിക്കുന്നു.. ടബ്ബിൽ കിടന്നുകൊണ്ടാണ് കക്ഷിയുടെ വാർത്താവതരണം!

loader