ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയാണ് ഉച്ചകോടി ബഹിഷ്കരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കാണിച്ച് സാര്‍ക്ക് അധ്യക്ഷ പദവി വഹിക്കുന്ന നേപ്പാളിന് കത്തുനല്‍കി. ഇതിന് ശേഷമാണ് ശ്രീലങ്കയും ഇപ്പോള്‍ പിന്മാറിയിരിക്കുന്നത്. സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന പാകിസ്ഥാനെ കൂടാതെ നേപ്പാളും മാലിദ്വീപുമാണ് ഇനി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാനുള്ളത്. പകുതിയിലധികം അംഗരാജ്യങ്ങളും പിന്മാറിയ സാഹചര്യത്തില്‍ ഇനി സാര്‍ക്ക് സമ്മേളനം നടക്കാന്‍ സാധ്യത വിരളമാണ്.

കഴിഞ്ഞ ദിവസം അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് ലഭിക്കുന്നത്. ഭീകരവാദികളെ പാകിസ്ഥാന്‍ നിയന്ത്രിക്കണമെന്ന് അമേരിക്ക വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ പാകിസ്ഥാന് സാധാരണ പിന്തുണ പ്രഖ്യാപിക്കാറുള്ള ചൈനയും ഇത്തവണ പാകിസ്ഥാനെ കൈവിട്ടിരിക്കുകയാണ്. ഒരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാതിരിക്കണമെന്നാണ് ചൈന പാകിസ്ഥാന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം