കൊളംബോ: 63 വര്‍ഷമായി സ്ത്രീകള്‍ക്കുണ്ടായിരുന്ന ഒരു വിലക്ക് വേണ്ടെന്ന് വെയ്ക്കുകയാണ് നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്ക. രാജ്യത്ത് ഇനി മുതല്‍ 18 വയസ്സു തികഞ്ഞ സ്‌ത്രീകള്‍ക്ക് മദ്യം വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് ധനമന്ത്രി ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
മദ്യം വാങ്ങുന്നതിന് പുറമെ മദ്യം വിളമ്പുന്ന ഹോട്ടലുകള്‍ പോലുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനും ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നു. ഇതും നീക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനത്തില്‍ ധനമന്ത്രി മംഗള സമരവീര ഒപ്പുവച്ചു. 1950ല്‍ പാസാക്കിയ നിയമത്തില്‍ ശ്രീലങ്കയില്‍ സ്‌ത്രീകള്‍ക്ക് മദ്യം വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ വിതരണം ചെയ്യുന്നിടത്ത് ജോലിചെയ്യുന്നതിനോ വിലക്കുണ്ടായിരുന്നു. നിയമഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്‌ത്രീകളാണ് നവമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. ശ്രീലങ്കന്‍ സംസ്‌കാരത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
