ശ്രീനഗര്‍: തീവ്രവാദികളുടെ വെടിയേറ്റ് അച്ഛന്‍ വീരുമൃത്യു വരിച്ച അതേ സ്ഥലത്തേക്ക് ഒരു വര്‍ഷത്തിന് ശേഷം എത്തിയപ്പോഴും ആറുവയസുകാരിയുടെ മുഖത്ത് പ്രായത്തിന്റെ പേടിയോ ആശങ്കകളോ ഒന്നുമായിരുന്നില്ല, മറിച്ച് പതറാത്ത കൈകളില്‍ ഉയര്‍ത്തിക്കെട്ടിയ ത്രിവര്‍ണ പതാകയെ അവള്‍ അഭിവാദനം ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ സ്വതന്ത്ര്യദിനത്തില്‍ ശ്രീനഗര്‍ കരണ്‍ നഗര്‍ ഏരിയയില്‍ 49ാമത് സി.ആര്‍.പി.എഫ് ബറ്റാലിയനില്‍ പതാക ഉയര്‍ത്തി മിനുറ്റുകള്‍ക്കകം തീവ്രവാദികളുടെ വെടിയേറ്റ് വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് കമാന്‍ഡന്റ് പ്രമോദ് കുമാറിന്റെ മകള്‍ ആര്‍ണയും ഭാര്യ നേഹ തൃപാതിയുമായിരുന്നുഇവിടെ ഈ വര്‍ഷം സ്വതന്ത്രദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പതാക ഉയര്‍ത്തി അഭിവാദനങ്ങള്‍ നല്‍കിയത്.
രാവിലെ തന്നെ ആര്‍ണ പതാക ഉയര്‍ത്തി അഭിവാദനം നല്‍കിയപ്പോള്‍ ഒരിക്കല്‍ തന്റെ ഭര്‍ത്താവ് നയിച്ച ബറ്റാലിയന്‍ അംഗങ്ങള്‍ക്ക് നേഹ മധുരം വിതരണം ചെയ്തു. പ്രമേദിന്റെ ഓര്‍മയില്‍ പണികഴിപ്പിച്ച സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചാണ് നേഹയും ആര്‍ണയും മടങ്ങിയത്.
രാജ്യത്തെ മുന്നാമത് പരമോന്നത ബഹുമതിയായ കീര്‍ത്തിചക്ര നല്‍കി രാജ്യം പ്രമോദ് കുമാറിനെ ആദരിച്ചു. രാജ്യത്തിന്റെ അംഗീകാരം മനസ് നിറച്ചതായി നേഹ പ്രതികരിച്ചു. അച്ഛന്‍ രാജ്യത്തിന് വേണ്ടി എന്തൊക്കെയാണ് ചെയ്തതെന്നും നാളെ നാം രാജ്യത്തിന് വേണ്ടി എന്താണ് ചെയ്യേണ്ടതെന്നും തിരിച്ചറിയാനാണ് ആര്‍ണയെ പ്രമോദ് കൊല്ലപ്പെട്ട അതേയിടത്ത് കൊണ്ടുവന്നതെന്നും അവര്‍ പറഞ്ഞു.
കമാന്‍ഡിങ് ഓഫീസറായി 2014ലാണ് പ്രമോദ് നിയമിതനാകുന്നത്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തെ കമാന്‍ഡന്റായി നിയമിച്ചത്. മൂന്നുതവണ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറിലിന്റെ പ്രത്യേക പരാമര്‍ഷം നേടി. മൂന്ന് വര്‍ഷം സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലും അംഗമായിരുന്നു പ്രമോദ്. 1998ലാണ് പ്രമോദ് സൈന്യത്തില്‍ ചേര്‍ന്നത്.
