ചാപ്പലിന്റെ പിന്‍ഭാഗത്ത് സ്ഥാപിച്ചിരുന്ന കുരിശിലും ഇത്തരത്തില്‍ പ്രകോപനപരമായ രീതിയില്‍ എഴുതിവച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ചാപ്പലിന്റെ വാതിലില്‍ അമ്പലം പണിയുമെന്ന് കരിയില്‍ ചുമരെഴുത്ത്. ചാപ്പലിന്റെ പിന്‍ഭാഗത്ത് സ്ഥാപിച്ചിരുന്ന കുരിശിലും ഇത്തരത്തില്‍ പ്രകോപനപരമായ രീതിയില്‍ എഴുതിവച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുരിശ് നശിപ്പിച്ചത്. തുടര്‍ന്ന് ശനിയാഴ്ച വാതിലിലെ എഴുത്തും കണ്ടെത്തി. 

ചാപ്പലിന്റെ വാതിലില്‍ ചിലര്‍ എഴുതുന്നത് കണ്ടതായി അതുവഴി വ്യായാമത്തിനായി പോയവര്‍ പറഞ്ഞിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ചില അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് എഴുത്ത് മായിക്കാന്‍ ശ്രമിച്ചിരുന്നതായും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.

പള്ളിയുടെ വാതിലില്‍ ഇവിടെ അമ്പലം പണിയുമെന്നും (മന്ദിര്‍ യഹീന്‍ ബനായേഗ) കുരിശില്‍ ഞാന്‍ നരകത്തില്‍ പോകുന്നുവെന്നുമാണ് എഴുതിയത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഡല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ (ഡിയുഎസ്‌യു) പ്രസിഡന്റ് റോക്കി തുസീദ് അറിയിച്ചു. 

മതത്തിന്റെ പേരില്‍ ബോധപൂര്‍വ്വം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനായുള്ള എഴുത്തുകളാണ് ഇത്. അലിഗഢിലും ഇപ്പോള്‍ നടക്കുന്നതിന് സമാനമായ സംഭവങ്ങളാണ് ഇവിടെ നടക്കുന്നതെന്നും റോക്കി പറഞ്ഞു. സര്‍വ്വകലാശാല പരീക്ഷകള്‍ നടക്കുന്ന സമയമാണ് ഇത്തരം എഴുത്തുകള്‍ കണ്ടെത്തിയത്. രാവിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതാനായി എത്തിയിരുന്നെങ്കിലും ആരും ചുമരെഴുത്ത് ശ്രദ്ധിച്ചിരുന്നില്ല.