തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ പ്രതിഷേധം തുടരുന്ന പ്രതിപക്ഷവുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടു. ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. സര്‍ക്കാരിന്റെ സ്വാശ്രയ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.

ഫീസ് കുറയ്ക്കാതെ സമരം പിന്‍വലിക്കില്ല. സ്വാശ്രയ മാനേജ്മെന്റുകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ കൊള്ള നടത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പരിയാരത്തെ ഫീസ് കുറച്ചാല്‍ സമരം പിന്‍വലിക്കാമെന്ന് പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന് ദുരഭിമാനം പാടില്ല. ജനങ്ങളെയും പൊതുസമൂഹത്തെയും വിശ്വാസത്തിലെടുത്തുവേണം സര്‍ക്കാര്‍ പ്രവര്‍ത്തിക്കാനെന്നും ചെന്നിത്തല പറഞ്ഞു.

ചര്‍ച്ചയുടെ വാതിലുകള്‍ പ്രതിപക്ഷം കൊട്ടയടിച്ചിട്ടില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചാല്‍ ഇനിയും പോവും. എന്നാല്‍ വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും ചെന്നിത്തല പറഞ്ഞു.