തൊടുപുഴ: വിൽപനക്കായി സൂക്ഷിച്ചിരുന്ന നാല് നക്ഷത്ര ആമകളെ തൊടുപുഴയിലെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. ആമകളെ ക്ലോസറ്റിലൊഴുക്കി തെളിവു നശിപ്പിക്കാൻ ശ്രമിച്ച വീട്ടമ്മയെ അറസ്റ്റ് ചെയ്തു.  എറണാകുളം ഞാറക്കലിൽ 42 ആമകളുമായി  പിടിയിലായ അനൂപിന്ടെ വീട്ടിൽ നിന്നാണ് നക്ഷത്ര ആമകളെ കണ്ടെത്തിയത്. 

രഹസ്യ വിവരത്തെ തുടർന്ന് പോലീസെത്തിയപ്പോൾ അനൂപിന്ടെ ഭാര്യ  അജിതയാണ് വീട്ടിലുണ്ടായിരുന്നത്. ആദ്യം ഇവർ വീടു തുറക്കാൻ തയ്യാറായില്ല. പിന്നീട് വീട് തുറപ്പിച്ച് നടത്തിയ പരിശോധനയിലാണ് ആമകളെ കണ്ടെത്തിയത്. ക്ലോസറ്റിലൊഴുക്കിയ ആറ് ആമകളിൽ നാലെണ്ണത്തെയാണ് കണ്ടെടുക്കാനായത്.

വീട്ടിനുളളിൽ നിന്നും മൂന്നു ലക്ഷത്തി ഏഴായിരം രൂപയും,  കാറിൽ നിന്നും ഒന്നര ലക്ഷം രൂപയും പൊലീസിന് ലഭിച്ചു.  അജിതയെ നടപടികൾ പൂർത്തിയാക്കി പോലീസ് കോടതിയിൽ ഹാജരാക്കി.