വിശാഖപട്ടണം: ലക്ഷങ്ങൾ വിലമതിപ്പുള്ള നക്ഷത്ര ആമകളെ കടത്താൻ ശ്രമിച്ച മൂവർ സംഘം പിടിയിൽ. വിശാഖപട്ടണം  വിസാഗ് റെയില്‍വേ സ്റ്റേഷനിൽ നിന്നാണ് സംഘത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വ്യത്യസ്ഥ വലുപ്പത്തിലും ആകൃതിയിലുമുള്ള 1,125 ഓളം ഇന്ത്യന്‍ നക്ഷത്ര ആമകളെ കണ്ടെത്തി.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിൽ മൂവർ സംഘത്തെ പിടികൂടുകയായിരുന്നു. 1,125 ഇന്ത്യന്‍ നക്ഷത്ര ആമകളെ അഞ്ച് ബാഗുകളിലാക്കി വിജയവാഡ വഴി യാത്ര ചെയ്യുകയായിരുന്നു സംഘം. 

ആന്ധ്രാപ്രദേശിലെ മണ്ടാനപ്പള്ളിയില്‍ നിന്നും കര്‍ണ്ണാടകയിലെ ബലെഗൌഡനഹള്ളി ഗ്രാമത്തിനടുത്തുള്ള ചെലോര്‍ എന്ന സ്ഥലത്ത് നിന്നുമാണ് ആമകളെ ലഭിച്ചതെന്ന് ഡിആര്‍ഐയോട് സംഘം പറഞ്ഞു. ആമകളെ ചില വ്യക്തികളുടെ കൈവശം നല്‍കുകയും അവിടെ നിന്നും ബംഗ്ലാദേശിലേക്ക് കൊണ്ടു പോകാനായിരുന്നു പദ്ധതിയെന്നും സംഘം കൂട്ടി ചേര്‍ത്തു.

ഇന്ത്യന്‍ നക്ഷത്ര ആമകള്‍ക്ക് വിദേശത്ത് കോടികളാണ് വില. ഇവരുടെ പിന്നില്‍ വന്‍ കടത്തല്‍ സംഘമുണ്ടെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്വേഷണം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. 

ഇന്ത്യയിലും ശ്രീലങ്കയിലുമാണ് ഇന്ത്യൻ നക്ഷത്ര ആമകൾ കാണപ്പെടുന്നത്. അനധികൃത മൃഗകടത്തുവിപണിയിൽ നക്ഷത്ര ആമകൾക്ക് പ്രിയമേറെയാണ്. ഓമന മൃഗമായി വളർത്തുന്നതിന് വേണ്ടിയും ഇതിന്റെ ഇറച്ചിക്ക് ഔഷധ ഗുണമുണ്ടെന്ന അന്ധവിശ്വാസവും കാരണമാണ് ഇവ അധികവും വേട്ടയാടപ്പെടുന്നത്.