തിരുവനന്തപുരം: റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസം നീട്ടാന്‍ സര്‍ക്കാര്‍ പി.എസ്.സിയോട് ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു തവണ പോലും ഇതുവരെ നീട്ടിയിട്ടില്ലാത്ത റാങ്ക് പട്ടികകളുടെ കാലാവധി മാത്രമായിരിക്കും നീട്ടുക. ഡിസംബര്‍ അവസാനത്തോടെ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകള്‍ ആറ് മാസത്തേക്കും അടുത്ത മാര്‍ച്ച് 31ന് കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികകളുടെ കാലാവധി മൂന്ന് മാസത്തേക്കും നീട്ടാനാണ് സര്‍ക്കാറിന്റെ ശുപാര്‍ശ. ഏഴുപതോളം റാങ്ക് ലിസ്റ്റുകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പി.എസ്.സിയാണ്. വെള്ളിയാഴ്ച പി.എസ്.സിയുടെ അടിയന്തര യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ വെച്ച് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്