തിരുവനന്തപുരം: വിജിലന്‍സിന്‍റെ തലവനായി ഡിജിപിക്ക് പകരം എഡിജിപിയെ മതിയെന്ന് കേരളം. ഇതിനായി ഡിജിപി കേഡറിലുള്ള വിജിലൻസ് ഡയറക്ടറുടെ തസ്തിക, എഡിജിപി കേഡറിലേക്ക് തരംതാഴ്ത്താന്‍ സംസ്ഥാന സർക്കാർ കേന്ദ്രത്തോടാവശ്യപ്പെട്ടു. വിജിലൻസ് കേസുകൾ വ്യാപകമായി എഴുതിത്തള്ളുന്നതിനിടെയാണ് ഡയറക്ടറുടെ തസ്തികയും തരംതാഴ്ത്തുന്നത്.
വിജിലൻസിന് വിലങ്ങ് വീണെന്നാണ് വ്യാപകവിമർശനം. 11 മാസമായി സ്വതന്ത്രച്ചുമതലയുള്ള മേധാവിപോലുമില്ല. കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച രണ്ട് കേഡർ തസ്തിയുടെയും തലപ്പത്ത് ലോക്നാഥ് ബെഹ്റ.വിജിലൻസ് സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോഴാണ് മേധാവിയുടെ തസ്തിക തരംതാഴ്ത്തുന്നത്. വിജിലൻസിന്റെ കേഡർ തസ്തിക ഫയർഫോഴ്സിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
കേന്ദ്രം അംഗീകരിച്ചാൽ ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥർ പൊലീസിന് പുറമെ ഫയർഫോഴ്സിന്റെയും തലപ്പത്തുണ്ടാകും. വിജിലൻസ് ഡയറക്ടറാകുക എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥൻ. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ കൂടാതെ 7 ഡിജിപിമാർ കേരളത്തിലുള്ളപ്പോഴാണ് പ്രധാന കേഡർ തസ്തിക തരംതാഴ്തത്തുന്നത്. കാരണമെന്താണെന്ന് സർക്കാർ വിശദീകരിക്കുന്നില്ല. ബെഹ്റയെ പോലെ മറ്റൊരു ഡിജിപിയെ വിശ്വാസത്തിലില്ലാത്തതാണ് ഒരാൾക്കും ഇതുവരെ വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകാത്തതെന്നാണ് വിവരം. മൂന്നു വർഷത്തിലൊരിക്കലൊരിക്കലാണ് കേന്ദ്രം കേഡർ പരിഷ്ക്കരണം നടത്തുന്നത്. 2016ലായിരുന്നു അവസാനം പരിഷ്ക്കരണം നടത്തിയത്. അതിനാൽ സംസ്ഥാനത്തിൻറെ ആവശ്യം കേന്ദ്രം അനുവദിക്കാനിടയില്ല.
