ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി കേരള ഘടകത്തിനെതിരെ നേരത്തെതന്നെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. സ്വജനപക്ഷപാതം, സാമ്പത്തിക തിരിമറി എന്നിവയെക്കുറിച്ച് സര്‍ക്കാരിന് പരാതിയും ലഭിച്ചു. തുടര്‍ന്ന് ആയുഷ് വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ആരോപണങ്ങളെല്ലാം ശരിയെന്ന് കണ്ടെത്തി. സുനില്‍ സി കുര്യന്‍ ചെയര്‍മാനായിരുന്ന കാലയളവില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആദ്യം തന്നെ ആയുഷ് നിര്‍ദ്ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുനില്‍ സി കുര്യനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താന്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. 

കേരള ഘടകം പിരിച്ചുവിട്ട് സൊസൈറ്റിയുടെ അഡ്‍മിനിസ്‍ട്രേറ്ററായി തിരുവനന്തപുരം ജില്ലാ കളക്ടറെ നിയമച്ചു. ജില്ലാ ഘടകങ്ങളുടെ ചുമതല അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. സൊസൈറ്റിയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ഏറ്റെടുക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നയുടന്‍ റെഡ്ക്രോസ് ഓഫീസുകളില്‍ നിന്ന് രേഖകള്‍ ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥരെത്തി. എന്നാല്‍ റെഡ് ക്രോസ് പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഇപ്പോഴത്തെ നീക്കം രാഷ്‌ട്രീയ ലക്ഷ്യം വച്ചുളളതാണെന്നും റെഡ്ക്രോസ് കേരള ഘടകം ചെയര്‍മാന്‍ സുനില്‍ സി കുര്യന്‍ വ്യക്തമാക്കി. ശിശുക്ഷേമ സമിതിയിലേക്ക് മത്സരിക്കുന്നതുകൊണ്ടുളള രാഷ്‌ട്രീയ പകപോക്കലാണ് നടപടിയെന്നും സുനില്‍ സി കുര്യന്‍ പറഞ്ഞു.