തിരുവനന്തപുരം: സമരങ്ങള്‍ക്കിടെ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അനുമതി നൽകി. സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതിന് തുല്യമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നഷ്ടം സമരം ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കാനും വ്യവസ്ഥ ചെയ്യുന്നതായിരിക്കും ഓര്‍ഡിനന്‍സെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

വീടുകൾ പാര്‍ട്ടി ഓഫീസുകൾ കച്ചവട സ്ഥാപനങ്ങൾ എന്നിവക്കെതിരായ അക്രമം തടയാനാണ് നടപടി. അഞ്ച് വര്‍ഷം തടവ് ശിക്ഷയടക്കം കർശന വ്യവസ്ഥകൾ ഉള്‍പ്പെടുത്തി നിയമ നിര്‍മാണം നടത്താനാണ് നീക്കം നടക്കുന്നത്. കഴിഞ്ഞ ഹര്‍ത്താല്‍ ദിവസമുണ്ടായ അക്രമങ്ങള്‍ സംസ്ഥാന വ്യാപക കലാപമായി മാറിയിരുന്നു.  നിരവധി വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ വ്യാപക അക്രമമാണ് അരങ്ങേറിയത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അക്രമം തടയാനുള്ള പ്രത്യേക നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കേരള ബാങ്കിന് വേണ്ടി പുതിയ നിയമ ഭേദഗതി കൊണ്ടുവരാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സഹകരണ ബാങ്കുകളുടെ ലയനത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്നത് കേവല ഭൂരിപക്ഷം എന്നാകും.