കേസുമായി ബന്ധപ്പെട്ട്  23 റിട്ട് ഹർജികള്‍ ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. ഈ ഹര്‍ജികളെല്ലാം  സുപ്രീംകോടതിയിലേക്ക് മാറ്റണം.  ഹൈക്കോടതിയിലെ എല്ലാ കേസുകളും സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ എല്ലാ കേസുകളും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട് 23 റിട്ട് ഹർജികള്‍ ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. ഈ ഹര്‍ജികളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണം. ഹൈക്കോടതിയിലെ എല്ലാ കേസുകളും സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ വിധിക്കെതിരെയാണ് ഹൈക്കോടതിയിലെ എല്ലാ കേസുകളും. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസുകളാണിത്. ജനുവരി 22ന് സുപ്രീംകോടതി പുനപരിശോധന ഹർജികൾ പരിഗണിക്കാൻ പോകുമ്പോൾ സമാന ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്നത് ശരിയല്ലെന്നും സർക്കാർ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ 139 എ പ്രകാരമാണ് സംസ്ഥാന സർക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതി നടത്തിയ പരാമര്‍ശവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ സംസ്ഥാന പൊലീസ് വകുപ്പ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. കോടതി വിധി നടപ്പാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ വിധി നടപ്പാക്കുന്നതിന് തടസമുണ്ടാക്കുന്നുവെന്നുമാണ് സര്‍ക്കാര്‍ വാദം.