തെരുവുനായ കേസിൽ സുപ്രീം കോടതിയിൽ മറുപടി സമർപ്പിച്ച് സംസ്ഥാനം. എബിസി ചട്ടങ്ങൾ ന‌ടപ്പാക്കിയിട്ടുണ്ട്. തെരുവുനായ നിയന്ത്രണത്തിന് വിവിധ പദ്ധതികൾ നടത്തിയെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

ദില്ലി: തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ എ.ബി.സി ചട്ടത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയതായികേരളം സുപ്രീം കോടതിയില്‍. മറുപടി വൈകിയത് മനഃപൂര്‍വ്വമല്ലെന്നും ക്ഷമിക്കണമെന്നും സംസ്ഥാനം നല്‍കിയ സത്യവാങ്മൂലത്തില്‍ അഭ്യര്‍ഥിക്കുന്നു. തിങ്കളാഴ്ച ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരിക്കണമെന്ന് സുപ്രീം കോടതി കര്‍ശനമായി നിര്‍ദേശിച്ചിരിക്കെ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് സത്യവാങ്മൂലം നല്‍കിയത്. വിവരണ ശേഖരണത്തിലുണ്ടായ കാലതാമസമാണ് സത്യവാങ്മൂലം വൈകാന്‍ കാരണം, ഇത് ഉദ്യോഗസ്ഥരുടെ വീഴ്ചയല്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. തെരുവുനായ്ക്കളുടെ ജനന നിയന്ത്രണത്തിനായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്, എന്നാല്‍ എബിസി ചട്ടത്തിലെ ചില വ്യവസ്ഥകള്‍ അപ്രായോഗികമാണ്. പലയിടങ്ങളിലും എബിസി കേന്ദ്രങ്ങള്‍ തുടങ്ങുന്നതില്‍ നാട്ടുകാരുടെ എതിര്‍പ്പുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

'ABC ചട്ടം നടപ്പിലാക്കി'; തെരുവുനായ കേസിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേരളം