തൃശൂര്‍ : പൂര നഗരിയില്‍ നടക്കാനിരിക്കുന്ന 58ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവ മേളം മുറുകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഇതോടനുബന്ധിച്ച് കലോത്സവ ലോഗോ മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ വച്ച് കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ പ്രകാശനം ചെയ്തു. തൃശൂരിന്റെ പൂരപാരമ്പര്യം അടയാളപ്പെടുത്തി നൃത്തമുദ്രയും പേനയും വിവിധ കലാഇനങ്ങളുടെ ചെറുസൂചനകള്‍ക്ക് നെറ്റിപ്പട്ടം ചാര്‍ത്തി പട്ടുകുട ചൂടിച്ചതുമാണ് ലോഗോ.

കണ്ണൂര്‍ പയ്യന്നൂര്‍ ബോയ്‌സ് സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ സൈമണ്‍ പയ്യന്നൂരാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. കലോല്‍സവത്തിന്റെ സംഘാടക സമിതി ഓഫീസ് മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ പ്രഫ.കെ യു അരുണന്‍, കെ രാജന്‍, കെ വി അബ്ദുള്‍ഖാദര്‍, യു ആര്‍ പ്രദീപ്, പൊതു വിദ്യഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജെസി ജോസഫ്, ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ കെ സുമതി, ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, കോര്‍പ്പറേഷന്‍ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം എല്‍ റോസി, മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, സബ് കളക്ടര്‍ ഡോ.രേണു രാജ് എന്നിവരും പങ്കെടുത്തു.

തേക്കിന്‍കാട്ടില്‍ പ്രധാനവേദിയും മറ്റൊരു വേദിയുമുള്‍പ്പെടെ രണ്ടും, മോഡല്‍ ബോയ്‌സ്, ഗേള്‍സ്, സേക്രഡ്ഹാര്‍ട്ട്, ഹോളിഫാമിലി, സെന്റ് ക്‌ളയേഴ്‌സ്, സിഎംഎസ്, വിവേകോദയം, കാല്‍ഡിയന്‍ സ്‌കൂളുകള്‍ എന്നിവയും സാഹിത്യ അക്കാദമി, ടൗണ്‍ഹാള്‍, ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്‍വശം, മുണ്ടശേരി ഹാള്‍, ബാലഭവന്‍ ഹാള്‍, രാമവര്‍മ്മപുരം പൊലീസ് അക്കാദമി എന്നിവിടങ്ങളിലാണ് വേദികള്‍. നേരത്തെ ലഭ്യമാകാതിരുന്ന റീജ്യണല്‍ തീയേറ്ററും ഇപ്പോള്‍ വേദിക്കായി അനുവദിച്ചു. ഇതടക്കം 25 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. 

പ്രധാന വേദിയാവുന്ന സിഎംഎസ് സ്‌കൂളിന് മുന്‍വശത്തുള്ള ഭാഗത്ത് തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലെ വേലാഘോഷത്തിനോടനുബന്ധിച്ചുള്ള എഴുന്നെള്ളിപ്പും വെടിക്കെട്ടും തടസമാകുമോയെന്ന ആശങ്ക ദേവസ്വങ്ങള്‍ സംഘാടക സമിതിയെ അറിയിച്ചിട്ടുണ്ട്. ജനുവരി അഞ്ച്, ഏഴ് ദിവസങ്ങളിലാണ് വേല. ആറ് മുതല്‍ 10 വരെയാണ് കലോത്സവം. ക്രമീകരണങ്ങളൊരുക്കുന്നതിന് ദേവസ്വങ്ങളുമായി ചര്‍ച്ച നടത്താനാണ് സംഘാടകരുടെ തീരുമാനം.

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ജനകീയ പങ്കാളിത്തത്തോടെ മാറ്റുകൂട്ടുന്നതാവുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാന്വല്‍ പരിഷ്‌കരിച്ചതിന് ശേഷമുള്ള ആദ്യത്തെ കലോല്‍സവമാണ്. ചിട്ടയായും പരാതികള്‍ക്കിടയില്ലാത്തതെ ഒരുക്കുന്നതുമായിരിക്കും കലോല്‍സവമെന്നും മന്ത്രി അറിയിച്ചു.

അതിനിടെ, ഞായറാഴ്ച സംഘാടക സമിതി ഓഫീസ് ഉദ്ഘാടന, ലോഗോ പ്രകാശന ചടങ്ങുകളിലേക്ക്് ഡിവിഷന്‍ കൗണ്‍സിലര്‍ കെ മഹേഷിന് ക്ഷണിച്ചില്ലെന്ന പരാതി തുടക്കത്തില്‍തന്നെ കല്ലുകടിയായി. സംഘാടക സമിതി ഓഫീസ് സജ്ജമാക്കുന്നതിനും മറ്റ് കാര്യങ്ങള്‍ക്കുമായി കഴിഞ്ഞ ദിവസങ്ങളില്‍ മുഴുവന്‍ സമയം 
പ്രവര്‍ത്തിച്ചയാളായിരുന്നു ഡിവിഷന്‍ കൗണ്‍സിലര്‍. ഇക്കാര്യങ്ങള്‍ക്കായി പലവട്ടം കൗണ്‍സിലറുമായി സംസാരിക്കുകയും നേരില്‍ കാണുകയും ചെയ്തിരുന്നു. എന്നാല്‍ പരിപാടി അറിയിച്ചില്ലെന്നും തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും കൗണ്‍സിലര്‍ കെ മഹേഷ് അറിയിച്ചു. അതേസമയം കൗണ്‍സിലറെ ടെലിഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും കിട്ടിയിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.