നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയതിനെക്കുറിച്ച് അറിയില്ലെന്നാണ് സിദ്ധീഖ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ തനിക്ക് സിനിമയില്‍ അവസരമില്ലാതാക്കിയത് ദിലീപാണെന്ന് ആക്രമിക്കപ്പെട്ട നടി തന്നോട് പരാതിപ്പെട്ടിരുന്നുവെന്നും ഇക്കാര്യം ദിലീപിനോട് ചോദിച്ചിരുന്നുവെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ സിദ്ധീഖ് പറയുന്നുണ്ട്. 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ അമ്മയുടെ നിലവിലെ സെക്രട്ടറിയും നടനുമായ സിദ്ധീഖ് നല്‍കിയ മൊഴി പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കേസില്‍ പ്രതിപട്ടികയിലുള്ള നടന്‍ ദിലീപിനെതിരെയാണ് സിദ്ധീഖ് മൊഴി കൊടുത്തിരിക്കുന്നത്. 

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ നല്ല ബന്ധമായിരുന്നില്ലെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ സിദ്ധീഖ് പറയുന്നു. തനിക്ക് സിനിമയില്‍ അവസരമില്ലാതാക്കിയത് ദിലീപാണെന്ന് ആക്രമിക്കപ്പെട്ട നടി തന്നോട് പരാതിപ്പെട്ടിരുന്നു. ഇക്കാര്യം താന്‍ ദിലീപിനോട് നേരിട്ട് ചോദിച്ചു. 

അത് വ്യക്തിപരമായ കാര്യമാണെന്നായിരുന്നു ദിലീപിന്‍റെ മറുപടി. നടിയും ദിലീപുമായുള്ള തര്‍ക്കത്തില്‍ താന്‍ ഇടപെട്ടിരുന്നുവെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ സിദ്ധീഖ് പറയുന്നുണ്ട്. അക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയെങ്കില്‍ ഏത് സംവിധായകന്‍റെ സിനിമയാണ് നഷ്ടമായതെന്ന് നടി പറയട്ടെ എന്നായിരുന്നു ഇന്നലെ സിദ്ധീഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.