തൃശൂര്‍: മോഷണ ശ്രമത്തിനിടെ കിണറ്റില്‍ വീണ കള്ളനെ ഫയര്‍ ഫോഴ്‌സെത്തി കരയ്ക്കു കയറ്റി. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.കുപ്രസിദ്ധ മോഷ്ടാവ് മണിച്ചിത്രത്താഴ് രാജേന്ദ്രനാണ് കിണറ്റില്‍ വീണ് പൊലീസ് പിടിയിലായത്.

കുന്നംകുളത്തായിരുന്നു സംഭവം. മണിച്ചിത്രത്താഴ് പൂട്ടുകള്‍ തുറന്ന് മോഷണം നടത്തുന്നതില്‍ കുപ്രസിദ്ധനായ മണിച്ചിത്രത്താഴ് രാജേന്ദ്രന്‍ കൊങ്ങണൂര്‍ ക്ഷേത്രത്തില്‍ മോഷണത്തിന് എത്തിയതായിരുന്നു. ക്ഷേത്രത്തിനടുത്തുള്ള കിണറ്റില്‍ കാല്‍വഴുതി വീണ രാജേന്ദ്രന്റെ നിലവിളി കേട്ടാണ് പരിസര വാസികളെത്തിയത്. വിവരം ഫയര്‍ ഫോഴ്‌സിനെയും പൊലീസിനെയും അറിയിച്ചു. കുന്നംകുളത്തുനിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി വലയിലാക്കി കയരയ്ക്കു കയറ്റിയപ്പോഴാണ് കുപ്രസിദ്ധ മോഷ്ടാവ് രാജേന്ദ്രനാണെന്ന് അറിഞ്ഞത്. പൊലീസെത്തി നടത്തിയ ചോദ്യം ചെയ്യലില്‍ കൊങ്ങണൂര്‍ ക്ഷേത്രത്തില്‍ മോഷണത്തിന് എത്തിയതാണെന്ന വിവരം പുറത്തുറത്തുവന്നു. മറ്റൊരു മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ രാജേന്ദ്രന്‍ നാലു ദിവസം മുമ്പാണ് പുറത്തിറങ്ങിയത്.