തിരുവനന്തപുരം: പണം പിൻവലിക്കൽ പരിധി ഉയര്‍ത്തിയെങ്കിലും സംസ്ഥാനത്ത് ഗുരുതരമായ കറൻസി ക്ഷാമം.നാൽപത് ശതമാനം എടിഎമ്മുകളിലും പണമില്ല. ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളുമെല്ലാം സര്‍ക്കാര്‍ അക്കൗണ്ടിലെത്തിച്ചെങ്കിലും ആവശ്യത്തിന് കറൻസിയില്ലാത്തതിനാൽ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ലെന്നാണ് പരാതി.
പെൻഷനും ശമ്പളവും ക്ഷേമ പെൻഷൻ കുടിശകയും കൊടുത്തു തീര്‍ത്തെന്ന്സര്‍ക്കാര്‍. എന്നാൽ ട്രഷറികളിലും ബാങ്കുകളിലും സാമ്പത്തിക പ്രതിസന്ധിയാണ്. പരമാവധി മൂന്ന് ദിവസം കൂടിയെ പിടിച്ച് നിൽക്കാനാകൂ എന്നാണ് പ്രമുഖ ബാങ്കുകൾ പറയുന്നത്. തെക്കൻ ജില്ലകളിലും നഗര പ്രദേശങ്ങളിലും ഏടിഎമ്മുകളിൽ കറൻസി ക്ഷാമം പൊതുവെ കുറവാണ്.പക്ഷെ മലബാറിലും പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിലും കാശ് കിട്ടാനില്ല. നാൽപത് ശതമാനത്തോളം ഏടിഎമ്മുകൾ കാലിയാണെന്നാണ് കണക്ക്.
റിസര്‍വ്വ് ബാങ്ക് നോട്ടുകൾ ഇറക്കുന്നതിലെ കാലതാമസത്തിന് പുറമെ ,കൈമാറ്റം ചെയ്യുന്ന പണത്തിന്റെ വേഗം കുറഞ്ഞതും പ്രതിസന്ധിയാണ്. കൊടുക്കുന്ന പണം തിരിച്ച് ബാങ്കിലെത്തുന്നില്ല, നൂറിന്റെയും അൻപതിന്റെയും നോട്ടുകള്‍ കൂടുതൽ എത്തിക്കുമെന്ന് പറയുമ്പോഴും ചില്ലറ ക്ഷാമത്തിനും പരിഹാരമില്ല.
