കായംകുളം: കായംകുളത്ത് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം. സൂപ്പര്‍മാര്‍ക്കറ്റിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. മേശയിലുണ്ടായിരുന്ന പണം നഷ്ടമായി. കായംകുളം റെയില്‍വേ ജംഗ്ഷന് സമീപമുള്ള സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്. ഉച്ചവരെയുള്ള കളക്ഷന്‍ ബാങ്കില്‍ അടച്ചിരുന്നു. ബക്കിയുള്ള തുക പ്രത്യേകം സൂക്ഷിച്ചിരുന്നതിനാല്‍ കവര്‍ച്ച ചെയ്യപ്പെട്ടില്ല.
സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും സ്റ്റോക്കിന്റെ പൂര്‍ണ്ണ പരിശോധന കഴിഞ്ഞാലേ വ്യക്തത വരുകയുള്ളൂ എന്ന് ജീവനക്കാര്‍ പറഞ്ഞു. രാവിലെ നടക്കാനിറങ്ങിയവരാണ് ഷട്ടര്‍ തുറന്നു കിടക്കുന്നത് ശ്രദ്ധിച്ചത്. ഉടന്‍തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ കെ. സദന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി പരിശോധന നടത്തി. ആലപ്പുഴയില്‍ നിന്നും വിരലടയാള വിദഗ്ദരും സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. മോഷണം നടന്നത് റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നതിനാല്‍ അന്യസംസ്ഥാന കവര്‍ച്ചാ സംഘത്തെയും സംശയിക്കുന്നുണ്ട്.
