ഭോപ്പാല്‍: നോട്ട് അച്ചടിയ്ക്കുന്ന പ്രസ്സിലെ ജീവനക്കാരന്റെ പക്കല്‍നിന്ന് പിടിച്ചെടുത്തത് 90 ലക്ഷം രൂപയുടെ നോട്ടുകള്‍. സീനിയര്‍ സൂപ്പര്‍വൈസര്‍ മനോഹര്‍ വര്‍മയുടെ വീട്ടില്‍നിന്നാണ് നോട്ടുകള്‍ പിടിച്ചെടുത്തത്. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം.
മൂന്ന് മാസം മുമ്പാണ് ഒഴിവാക്കുന്ന നോട്ടുകളുടെ വിഭാഗത്തിലേക്ക് മനോഹറിനെ നിയമിച്ചത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് വന്‍ തോതിലാണ് നോട്ടുകള്‍ അച്ചടിച്ചത്. ഇതില്‍ പിഴവ് സംഭവിച്ചതിനെ തുടര്‍ന്ന് നിരവധി നോട്ടുകള്‍ ഒഴിവാക്കിയിരുന്നു.
ഇങ്ങനെ ഒഴിവാക്കുന്ന നോട്ടുകളുടെ ഓരോ കെട്ടുകള്‍ വീതം ദിവസവും മോഷ്ടിക്കുന്ന വര്‍മ ഇത് തന്റെ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. വസ്ത്രത്തില്‍ ഒളിപ്പിച്ചാണ് മനോഹര്‍ നോട്ടുകള്‍ പുറത്തെത്തിച്ചിരുന്നത്.
മനോഹര്‍ ഇടയ്ക്കിടയ്ക്ക് കാലിലെ സോക്‌സ് ശരിയാക്കാനായി സോക്‌സ് ശരിയാക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സഹപ്രവര്‍ത്തകര്‍ ഇയാളെ നിരീക്ഷിച്ചതില്‍നിന്നാണ് മനോഹറിനെ പിടികൂടിയത്.
പ്രസ്സില്‍നിന്ന് പുറത്തിറങ്ങിയ മനോഹറിനെ സഹപ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധിച്ചു. തുടര്‍ന്ന് സോക്‌സില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒഴിവാക്കിയ നോട്ടുകള്‍ പിടിച്ചെടുത്തു.
തുടര്‍ന്നുള്ള പരിശോധനയില്‍ ഇയാളുടെ ഓഫീസ് ലോക്കറില്‍നിന്ന് 26.09 ലക്ഷം രൂപയുടെ നോട്ടുകളും വീട്ടില്‍നിന്ന് 64 ലക്ഷം രൂപയുടെ നോട്ടുകളും പിടിച്ചെടുത്തു. എല്ലാം 500 രൂപയുടെ നോട്ടുകളാണ്. പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ വര്‍മയെ ജനുവരി 22 വരെ റിമാന്റ് ചെയ്തു.
