ജമ്മു കശ്മീരിലെ സൈന്യത്തിനെതിരായ കല്ലേറും പ്രതിഷേധങ്ങളും കുറഞ്ഞത് നോട്ട് നിരോധനത്തെതുടര്‍ന്നെന്ന് അരുണ്‍ ജെയ്റ്റ്ലി. തന്റെ ബ്ലോഗിലൂടെയാണ് അരുണ്‍ ജെയ്റ്റ്ലി ഇക്കാര്യം വിശദമാക്കിയത്. പ്രതിഷേധങ്ങള്‍ക്കും ഇടതുപക്ഷ തീവ്രവാദ സ്വഭാവമുള്ള അക്രമങ്ങള്‍ക്കും നോട്ട് നിരോധനം മൂലം പണം ലഭിക്കാതെ വന്നതെന്നും ജെയ്റ്റ്ലി അവകാശപ്പെടുന്നു. കള്ളപ്പണ വിരുദ്ധ ദിനമായി നവംബര്‍ എട്ട് ആചരിക്കുമെന്ന്. ജെയ്റ്റ്ലി വിശദമാക്കി.
പണമില്ലാ സാമ്പദ്ഘടനയിലേയ്ക്ക് രാജ്യം കുതിച്ച് കൊണ്ടിരിക്കുകയാണെന്നും ഓപ്പറേഷന്‍ ക്ലീന്‍ മണിയിലൂടെ രാജ്യം ഏറെ മുമ്പോട്ട് പോകുമെന്നും അരുണ്‍ ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനം സൈന്യത്തിനെതിരായ അക്രമത്തില്‍ കുറവ് വരുത്തിയെന്ന് ജെയ്റ്റ്ലി അവകാശപ്പെടുമ്പോള്‍ 2016 നെ അപേക്ഷിച്ച് 2017ല്‍ താഴ്വരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ വിശദമാക്കുന്നത്. താഴ്വരയില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 2016 ല്‍ 14 എന്നതില്‍ നിന്ന് 2017ല്‍ 53ന്നായി ഉയര്‍ന്നെന്നും കണക്കുകള്‍ പറയുന്നു.
