മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മോശം മത്സരങ്ങളില്‍ ഒന്നായിരുന്നു പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടും കൊളംബിയയും നേരിട്ടപ്പോള്‍ നടന്നത്. കളിയുടെ തുടക്കത്തില്‍ ഇംഗ്ലീഷ് പടയുടെ ആധിപത്യത്തിന് മുന്നില്‍ പതറിയ കൊളംബിയ പരുക്കന്‍ അടവുകള്‍ ഒരുപാട് പ്രയോഗിച്ചു. ഒരു പെനാല്‍റ്റി വഴങ്ങിയപ്പോള്‍ ആറു മഞ്ഞക്കാര്‍ഡുകളാണ് ലാറ്റിനമേരിക്കന്‍ ടീം വാങ്ങി കൂട്ടിയത്.

അവസാനം ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് വിജയം നേടിയെടുക്കുകയായിരുന്നു. ഇപ്പോള്‍ ആ മത്സരത്തെപ്പറ്റിയുള്ള പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലീഷ് പ്രതിരോധനിര താരം ജോണ്‍ സ്റ്റോണ്‍സ്. താന്‍ കളിച്ചതില്‍ വച്ച് ഏറ്റവും വൃത്തിക്കെട്ട ടീമാണ് കൊളംബിയയെന്നാണ് സ്റ്റോണ്‍സ് പറയുന്നത്.

അവരെ ഫുട്ബോളില്‍ തോല്‍പ്പിക്കുക എന്നതായിരുന്നു ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും മികച്ച കാര്യം. അത് അവരെ ഒരുപാട് വേദനിപ്പിക്കും. വിമാനത്തില്‍ അവര്‍ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ഞങ്ങള്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറിയെന്നും സ്റ്റോണ്‍സ് പറഞ്ഞു.