ജില്ലാ ഭരകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് മൂന്നാര്‍ പഞ്ചായത്തും പോലീസും സംയുക്തമായി വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ആരംഭിച്ചത്. 

ഇടുക്കി: മൂന്നാറിലെ വഴിയോരക്കച്ചവടം ഒഴിപ്പിക്കല്‍ കോടതിയുടെ സ്റ്റോപ്പ് മെമ്മോയില്‍ തട്ടി നിലച്ചു. കുറിഞ്ഞിക്കാലത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് മൂന്നാറിലെ പെട്ടിക്കടകള്‍ അധികൃതര്‍ ഒഴിപ്പിച്ചത്. ജില്ലാ ഭരകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് മൂന്നാര്‍ പഞ്ചായത്തും പോലീസും സംയുക്തമായി വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ആരംഭിച്ചത്. 

മൂന്നാര്‍ ടൗണ്‍, പഴയ മൂന്നാര്‍, മൂന്നാര്‍ കോളനി എന്നിവിടങ്ങളിലായി 100 ഓളം പെട്ടിക്കടകള്‍ അധിക്യതര്‍ ഒഴിപ്പിക്കുകയും ചെയ്തു. മൂന്നാര്‍ ഡി.വൈ.എസ്.പി അഭിലാഷിന്റെ നേത്യത്വത്തില്‍ നടത്തിയ ഒഴിപ്പിക്കലിന് ഭരണകൂടത്തിന്റെ പ്രശംസ ലഭിക്കുകയും ചെയ്തിരുന്നു. പെട്ടക്കടക്കാരുടെ പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ പഞ്ചായത്ത് ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തിയായിരുന്നു മൂന്നാറിലെ ട്രാഫിക്ക് പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടത്. 

എന്നാല്‍ കഴിഞ്ഞ മാസം പഞ്ചായത്ത് സെക്രട്ടറി വിരമിച്ചതോടെ ഒഴിപ്പിക്കല്‍ നിലയ്ക്കുകയും പലരും വഴിയോരങ്ങളില്‍ വീണ്ടും കടകള്‍ സ്ഥാപിക്കുകയുമായിരുന്നു. സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ഒഴിപ്പിക്കല്‍ പുനരാരംഭിച്ചെങ്കിലും കോടതിയുടെ ഉത്തരവ് തിരിച്ചടിയായി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ പഴയ മൂന്നാറിലെ എട്ട് പെട്ടിക്കടകളാണ് കോടതിയെ സമീപിച്ച് സ്റ്റോപ്പ് മെമ്മോ എടുത്തിരിക്കുന്നത്. 

കുറുഞ്ഞിക്കാലത്തോട് അനുബന്ധിച്ച് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കോടതിയുടെ ഉത്തരവ് തിരിച്ചടിയായതോടെ സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടറെ സമീപിക്കുമെന്ന് മൂന്നാര്‍ പഞ്ചായത്ത് അസി. സെക്രട്ടറി മനോജ് മാധ്യമത്തോട് പറഞ്ഞു. മൂന്നാറിലെ ട്രാഫിക്ക് കുരുക്കും കാല്‍നട യാത്രക്കാരുടെ ദുരിതയാത്രയും കോടതിയെ അറിയിക്കുമെന്ന് മൂന്നാര്‍ എസ്.ഐ ലൈജുമോന്‍ പറയുന്നു.