ദില്ലി:അഭിവാദ്യം ചെയ്യുമ്പോള്‍ തന്‍റെ കാലില്‍ തൊടരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ബിഎസ്പി നേതാവ് മായാവതി. കാലില്‍ തൊടുന്നതിനെതിരെ മായാവതി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഒരു ദേശീയ മാധ്യമം റിപ്പോട്ട് ചെയ്യുന്നു.പൊതുപരിപാടികളില്‍ പങ്കെടുക്കവേ അഭിവാദ്യം ചെയ്തുകൊണ്ട് മായാവതിയുടെ കാലില്‍ പ്രവര്‍ത്തകര്‍ തൊടുന്നത് പതിവ് കാഴ്ചയാണ്.
മായാവതിക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയില്‍ വലിയ സ്ഥാനമുണ്ട്. തങ്ങളുടെ കരുത്തുറ്റ നേതാവായാണ് മായാവതിയെ അവര്‍ കാണുന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ ബഹുമാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണിക്കന്നത് സ്വഭാവികമാണ്. എവിടെയൊക്കെ മായാവതി പോയാലും തങ്ങളുടെ ബഹുമാനം കാണിക്കുന്നതിനായി അവര്‍ കാലില്‍ തൊടും. എന്നാല്‍ ഇത് ശരിയല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് ഇങ്ങനെ ചെയ്യരുതെന്നുമാണ് മായാവതി പറഞ്ഞതെന്ന് ബിഎസ്പി രാജ്യസഭാ എംപി മുന്‍കാട് അലി പറഞ്ഞു.
കാലില്‍ തൊടുന്നതിന് പകരമായി പരസ്പരം അഭിവാദ്യം ചെയ്യുമ്പോള്‍ 'ജയ് ഭീം' എന്ന് പറയാനാണ് മായാവതി പറഞ്ഞതെന്നും അലി പറഞ്ഞു. സാമൂഹിക അനീതികള്‍ക്കെതിരെ ബിഎസ്പി എല്ലായിപ്പോഴും പ്രതികരിച്ചിരുന്നെന്നും പുതിയ നിര്‍ദേശം പാര്‍ട്ടിയില്‍ സമത്വത്തെക്കുറിച്ച് കൂടുതല്‍ ബോധ്യങ്ങള്‍ നല്‍കുമെന്നും അലി പറഞ്ഞു.
