കോഴിക്കോട്: നാദാപുരം പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത ഉള്‍പ്പടെ 26 പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. പേപ്പട്ടിയുടെ ആക്രമണത്തിന് ഇരയായവരില്‍ ഏഴു മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. പേപ്പട്ടിയുടെ കടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ദ ചികില്‍സ നല്‍കി. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ കിടത്തി ചികില്‍സയ്‌ക്ക് വിധേയമാക്കിയിട്ടുണ്ട്. കുനിങ്ങാട് കുഞ്ഞല്ലൂരിലെ വീട്ടില്‍നിന്ന് ഒരു മരണവീട്ടിലേക്ക് പോകുമ്പോഴാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ പ്രസീതയ്‌ക്ക് പേപ്പട്ടിയുടെ കടിയേറ്റത്. പേപ്പട്ടിയുടെ ആക്രമണത്തില്‍ പ്രസീതയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. പൊന്മേരി പറമ്പില്‍ മഠത്തില്‍ പൊയില്‍ നുസ്രത്തിനും ഒപ്പമുണ്ടായിരുന്ന ബന്ധുവിന്റെ മകള്‍ ഏഴുമാസം പ്രായമുള്ള അയിശ എന്നിവര്‍ക്കും പേപ്പട്ടിയുടെ കടിയേറ്റു. ഇവരുള്‍പ്പടെ കുനിങ്ങാട് മേഖലയില്‍ 26 പേര്‍ക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. ഏറെ ദിവസങ്ങളായി മേഖലയില്‍ പേപ്പട്ടി ശല്യം രൂക്ഷമായിരുന്നു. ഇതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.