തിരുവനന്തപുരം: തെരുവുനായ്‌ക്കളെ കൊല്ലാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍റെ കത്ത്. തെരുവ്നായ്‌ക്കളെ കൊല്ലുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യത്തിന് സുപ്രീംകോടതിയെ സമീപിക്കുമെന്നും കത്തില്‍ പ്രശാന്ത് ഭൂഷണ്‍ മുന്നറിയിപ്പ് നല്‍കുന്നു.

തിരുവനന്തപുരത്ത് തെരുവു നായ്‌ക്കളുടെ കടിയേറ്റ് സ്‌ത്രീ മരിച്ചു എന്നതിന് കേട്ടുകേള്‍വിയാണ് അടിസ്ഥാനമായുള്ളത്. ഇക്കാര്യത്തില്‍ വസ്തുതകള്‍ പരിശോധിച്ചിട്ടില്ല. തെരുവ്നായ്‌ക്കള്‍ക്കെതിരെയുള്ള പ്രചരണം നിക്ഷിപ്ത താല്‍പര്യമാണ്. തെരുവ് നായ്‌ക്കള്‍ക്കെതിരെയുള്ള പുറത്തുവരുന്നത് പണം നല്‍കിയുള്ള വാര്‍ത്തകളാണ്. നായ്‌ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് ഫലപ്രദമായ രീതിയല്ലെന്ന് ലോകാരോഗ്യസംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഭൂമിയിലെ എല്ലാ ജീവികളും തമ്മില്‍ സമാധാനപരമായ സഹവര്‍ത്തിത്തമാണ് ആവശ്യം. തെരുവുനായ് വിഷയം ഉയരുമ്പോള്‍ മുഖ്യമന്ത്രി സംയമനം പാലിക്കണം. ഇക്കാര്യത്തില്‍ വികാരപരമായ തീരുമാനം എടുക്കരുത്. തെരുവ്നായ്‌ക്കളെ കൊല്ലാനുള്ള സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണ്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നടപടിക്കെതിരെ കോടതി അലക്ഷ്യത്തിന് കോടതി സമീപിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ മുഖ്യമന്ത്രിക്ക മുന്നറിയിപ്പ് നല്‍കുന്നു. കത്തിന്റെ പകര്‍പ്പ് കേരള ഗവര്‍ണര്‍ക്കും നല്‍കിയിട്ടുണ്ട്.