തിരുവനന്തപുരം: തിരുവനന്തപുരം മുത്താനയില്‍ പൗള്‍ട്രി ഫാമില്‍ അഞ്ഞൂറോളം കോഴികളെ തെരുവുനായകള്‍ കൊന്നു. ഫാമിനകത്തു കടന്ന ഏഴ് തെരുവുനായ്‌ക്കളാണ് കോഴികളെ കൊന്നത്.

ഇന്ന് പുലര്‍ച്ചയോടെയാണ് തെരുവ് നായ്കള്‍ മുത്താനയിലെ എസ് പി പൗള്‍ട്രി ഫാമിലെ കോഴികളെ കൊന്നത്. ഫാമിലെ ഇരുമ്പ് നെറ്റ് തകര്‍ത്ത് അകത്ത് കടന്നാണ് കോഴികളെ കടിച്ച് കീറിയത്. പുതുതായ് കൊണ്ട് വന്നതടക്കം 600 കോഴികളാണ് ഫാമിലുണ്ടായിരുന്നത്. ഇതില്‍ 500ഓളം കോഴികളെയാണ് കൊന്നൊടുക്കിയത്.

പുഷ്‌പാംഗദന്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തി ഒന്നര വര്‍ഷം മുമ്പാണ് ഫാം തുടങ്ങിയത്. രണ്ടേകാല്‍ ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പുഷ്‌പാംഗദന്‍ പറഞ്ഞു. ഇതോടെ ബാങ്ക് വായ്പയെടുത്ത് തുടങ്ങിയ ഫാമിന്റെ പ്രവര്‍ത്തനം തടസപ്പെടുമെന്ന ആശങ്കയിലാണ് പുഷ്‌പാംഗദന്‍.