ചേന്ദമംഗലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്ക്
കൊച്ചി: പറവൂരിനു ചേന്ദമംഗലത്ത് തെരുവുനായ് ആക്രമണത്തിൽ 14 പേർക്കു പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏറെ നേരം നാടിനെ വിറപ്പിച്ച് നായയെ നാട്ടുകാർ പിന്നീട് തല്ലിക്കൊന്നു. വീടിന്റെ വരാന്തയിൽ ഇരിക്കുന്പോഴാണ് 82 കാരിയയ രാജമ്മയെ തെരുവുനായ കടിച്ചത്. കടിയേറ്റു വീണ ഇവരുടെ കൈ ഒടിഞ്ഞു.
നിലത്തു വീണ ഇവരുടെ രണ്ടു കൈകളിലും നായ കടിച്ചു. കരച്ചിൽ കേട്ട് നാട്ടുകാർ എത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്. പരിക്ക് ഗുരുതരമായതിനാൽ വൈകുന്നേരത്തോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പഞ്ചായത്തിന്റെ വിവിധ ഭാഗത്തൂടെ പാഞ്ഞ നായ ആളുകളെ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. മിക്കവരുടെയും കാലിലാണ് കടിയേറ്റത്.
അശോകൻ, വേണുഗോപാൽ എന്നിവരുടെയും പരിക്ക് ഗുരുതരമാണ്. പരുക്കേറ്റവരിൽ അഞ്ചുപേരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ കളമശ്ശേരമി മെഡിക്കൽ കോളജിലാക്കി. ബാക്കിയുള്ളവർക്ക് പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. പേയുണ്ടെന്ന സംശയം ഉയർന്നതിനെത്തുടർന്നാണ് നാട്ടുകാർ നായയെ തല്ലിക്കൊന്നത്.
