മുന്നേറ്റ നിരയുടെ കരുത്തില്‍ അര്‍ജന്‍റീന പ്രതീക്ഷകളുടെ ഭാരം മെസിയുടെ ചുമലില്‍

മോസ്കോ: ആരാധകരുടെ എണ്ണം കൊണ്ട് ലോകകപ്പുകളിലെ സ്ഥിരം ഫേവറിറ്റുകളാണ് അര്‍ജന്‍റീന. ലയണല്‍ മെസി എന്ന കാല്‍പ്പന്ത് കളിയിലെ മിശിഹായുടെ കാലുകളില്‍ വിശ്വസിച്ച് റഷ്യയില്‍ എത്തുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിക്കുന്നില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് താരനിരയുടെ ധാരാളിത്തം ഒന്നുമില്ലെങ്കിലും മാരക്കാന സ്റ്റേഡിയത്തില്‍ നഷ്ടപ്പെട്ട ലോക കിരീടം ഇത്തവണ ബ്യൂണസ് ഐറിസില്‍ എത്തുമെന്നാണ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നത്. അടുത്ത കാലത്ത് മൂന്ന് ടൂര്‍ണമെന്‍റുകളുടെ കലാശ പോരാട്ടങ്ങളില്‍ വീണ് പോയവരെന്ന ദുഷ്പേര് മായ്ച്ചു കളയാനും കിരീടം സ്വന്തമാക്കാന്‍ അര്‍ജന്‍റീനയ്ക്ക് സാധിക്കണം. റഷ്യയില്‍ അര്‍ജന്‍റീനയുടെ പ്രതീക്ഷകള്‍ ഇവയാണ്.

എല്ലാം മെസി മയം

ലയണല്‍ മെസി, ഈ പേര് മാത്രം മതി ലോക ഫുട്ബോളില്‍ അര്‍ജന്‍റീനയുടെ കരുത്തിനെ അടയാളപ്പെടുത്താന്‍. ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് ഏറിയ പങ്ക് ആളുകളും വിശ്വസിക്കുന്ന മെസിയുടെ കരുത്തിലാണ് കഴിഞ്ഞ ലോകകപ്പിലും രണ്ട് കോപ്പ അമേരിക്കയിലും ടീം ഫെെനല്‍ വരെ കുതിച്ചത്. തന്‍റെ പ്രതിഭയെ അടയാളപ്പെടുത്താന്‍ നിരവധി നേട്ടങ്ങള്‍ ഇതിനകം പേരിലെഴുതിയ മെസിക്ക് അതിനെല്ലാം മുകളില്‍ പ്രതിഷ്ഠിക്കാന്‍ ഇനി ലോകകപ്പ് എന്ന സ്വപ്ന നേട്ടം കൂടെ സ്വന്തമാക്കണം. അര്‍ജന്‍റീനയുടെ കളി ശെെലിയുടെ ഹൃദയം മെസിയാണ്. പന്തെത്തിച്ച് കൊടുത്തും ഗോള്‍ അടിപ്പിച്ചും അടിച്ചുമെല്ലാം മെസി കളം നിറഞ്ഞാല്‍ അര്‍ജന്‍റീനയില്‍ നിന്ന് ഒരു ടീമിനും വിജയം തട്ടിയെടുക്കാനാവില്ല.

കരുത്തോടെ മുന്നേറ്റ നിര

എതിര്‍ വാദങ്ങള്‍ ഒരുപാട് നിരത്താമെങ്കിലും ലോകകപ്പിലെ ഏറ്റവും ശക്തമായ മുന്നേറ്റ നിരയാണ് അര്‍ജന്‍റീനയുടേത്. ടീമിനെ പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ പോലും മുന്നേറ്റ നിരയിലെ കൂട്ടയിടിയാണ് പരിശീലകനെ കുഴച്ചത്. മെസി നയിക്കുന്ന മുന്നേറ്റത്തില്‍ ഗോണ്‍സാലോ ഹിഗ്വയിന്‍, സെര്‍ജിയോ അഗ്വേറോ, പൗളോ ഡിബാല എന്നിവര്‍ അണിനിരക്കുന്നു. മെസിയോടൊപ്പം പിടിച്ച് നില്‍ക്കില്ലെന്നും തുറന്ന അവസരങ്ങള്‍ പാഴാക്കുന്നവനെന്നും കുറ്റപ്പെടുത്തല്‍ ഏറെ കേള്‍ക്കുന്ന താരമാണ് ഹിഗ്വയിന്‍.

എങ്കിലും, താരത്തില്‍ നിന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് പരിശീലകന്‍ സാംപോളി വിശ്വസിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോളടിയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന അഗ്വേറയും അര്‍ജന്‍റീനയുടെ ശക്തി വര്‍ധിക്കുന്നു. ഇറ്റാലിയന്‍ ലീഗില്‍ ഡിബാലയുടെ പ്രകടനം സാംപോളിയെ സന്തോഷിപ്പിക്കുന്നതാണ്. എങ്കിലും, മൗറോ ഇക്കാര്‍ഡിയെന്ന താരത്തെ ഒഴിവാക്കിയത് ടീമിനെ റഷ്യയില്‍ ബാധിക്കരുതെന്നുള്ള പ്രാര്‍ഥനയിലാണ് ആരാധകര്‍.

സാംപോളിയുടെ ശിക്ഷണം

അര്‍ജന്‍റീന ഇത്തവണ ലോകകപ്പില്‍ കളിക്കുന്നുണ്ടെങ്കില്‍ അതില്‍ സാംപോളിയുടെ പങ്ക് മറ്റാരെക്കാളും ഏറെ മുന്നിലാണ്. യോഗ്യത റൗണ്ടില്‍ അഞ്ചാം സ്ഥാനത്ത് തപ്പിത്തടഞ്ഞ ടീമിനെ ചുമലിലേറ്റി റഷ്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 2015 കോപ്പ അമേരിക്കയില്‍ ചിലിയെ വിജയ തീരത്ത് എത്തിക്കാന്‍ സാധിച്ചതാണ് സാംപോളിയുടെ ഏറ്റവും വലിയ നേട്ടം. ഇതിന് ശേഷം സ്പാനിഷ് ടീം സെവിയ്യുടെ പരിശീലകനായിരുന്നപ്പോഴാണ് സാംപോളിയെ അര്‍ജന്‍റീന വിളിക്കുന്നത്. കളിച്ചു കൊണ്ടിരുന്നപ്പോള്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായിരുന്നു സാംപോളി. പക്ഷേ, പരിശീകനായപ്പോള്‍ ആക്രമണമാണ് സാംപോളിയുടെ ശെെലി. അതിനെ അര്‍ജന്‍റീന ഒന്നടങ്കം നെഞ്ചേറ്റുന്നു.

മഷറാനോയില്‍ വിശ്വസിക്കാം

കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ ഫെെനല്‍ പ്രവേശനം സാധ്യമാക്കിയതില്‍ പ്രധാന പങ്ക് വഹിച്ച ഒരാള്‍ ഹവിയര്‍ മഷറാനോയാണ്. അതേ, തലയെടുപ്പോടെ തന്നെയാണ് ഡിഫന്‍സീവ് മിഡ്‍ഫീല്‍ഡില്‍ ഇത്തവണയും മഷറാനോ കളിക്കുന്നത്. മെസിയുമായുള്ള ഒത്തൊരുമയാണ് താരത്തെ ടീമിന്‍റെ മുഖ്യ ഘടകമാക്കുന്നത്. ഇതിനൊപ്പം ഏയഞ്ചല്‍ ഡി മരിയ കൂടെ എത്തുന്നതോടെ മധ്യനിരയുടെ ശക്തി വര്‍ധിക്കും. വിങ്ങുകളില്‍ പറന്നു കയറി മുന്നേറ്റ നിരയുടെ കാല്‍ പാകത്തിന് പന്ത് എത്തിക്കുന്ന മരിയയുടെ മികവ് എടുത്ത് പറയേണ്ടതാണ്.