കുവൈത്തില്‍ ഗതാഗത വകുപ്പിന്റെ പരിശോധന ശക്തമാകുന്നു. ഒരാഴ്ചയ്‌ക്കിടെ മാത്രം പിടികൂടിയത് 30,000ലധികം നിയമ ലംഘനങ്ങളാണ്. ഇതില്‍ ‍ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിടിയിലായ മൂന്ന് വിദേശികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി.

ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഗതാഗത വകുപ്പ് കഴിഞ ദിവസങ്ങളില്‍, രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലായി നടത്തിയ പരിശോധനയിലാണ് 36,185 നിയമ ലംഘനങ്ങള്‍ പിടികൂടിയത്. ഇവരിര്‍ ഗുരുതര കുറ്റകൃത്യങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെട്ടത്, അതായത് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച് പിടികൂടിയ മൂന്ന് വിദേശികളെ നാട് കടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് നിയമ ലംഘനങ്ങളുടെ പേരില്‍ 71 പേരെയും കൂടാതെ, ചെറുതും വലതുമായ 189 വാഹനങ്ങളും,17 മോട്ടോര്‍ ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് തെരഞ്ഞിരുന്ന അഞ്ച് വാഹനങ്ങളും പരിശോധനയില്‍ പിടികൂടിയിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, തൊഴില്‍ വകുപ്പ്, വാണിജ്യ-വ്യവസായ മന്ത്രാലയം എന്നിവരുടെ സംയുക്ത സംഘത്തിന്റെ നേത്യത്വത്തില്‍ ഇന്നലെ ഹസാവി ഏരിയായില്‍ താമസ-കുടിയേറ്റ നിയമ ലംഘകര്‍ക്കായും പരിശോധന നടന്നു. ഇവിടെ നിന്ന് മതിയായ രേഖകള്‍ ഇല്ലാത്ത 15 വിദേശികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.