Asianet News MalayalamAsianet News Malayalam

ഹര്‍ത്താലുകൾക്ക് പിന്നാലെ പണിമുടക്ക്; വണ്ടി തടയില്ലെന്ന് നേതാക്കള്‍, ജനജീവിതം സ്തംഭിക്കും

ബിജെപി ഹര്‍ത്താലിനു പിന്നാലെ എത്തുന്ന രണ്ടു ദിവസത്തെ പണിമുടക്കില്‍ സംസ്ഥാനത്ത് ജനജീവിതം സ്തംഭിക്കും. കടകള്‍ അടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും നേതാക്കള്‍ പറയുന്പോഴും 19 യൂണിയനുകള്‍ അണിനിരക്കുന്ന പണിമുടക്ക് ഹര്‍ത്താലായി മാറാനാണ് സാധ്യത.

Strike back to the hartals   peoples life  will stuck
Author
Kerala, First Published Jan 7, 2019, 10:14 AM IST

തിരുവനന്തപുരം: ബിജെപി ഹര്‍ത്താലിനു പിന്നാലെ എത്തുന്ന രണ്ടു ദിവസത്തെ പണിമുടക്കില്‍ സംസ്ഥാനത്ത് ജനജീവിതം സ്തംഭിക്കും. കടകള്‍ അടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും നേതാക്കള്‍ പറയുമ്പോഴും 19 യൂണിയനുകള്‍ അണിനിരക്കുന്ന പണിമുടക്ക് ഹര്‍ത്താലായി മാറാനാണ് സാധ്യത.

ശബരിമല പ്രശ്നത്തില്‍ ബിജെപിയും ശബരിമല കര്‍മസമിതിയും തുടരെത്തുടരെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ ജനവികാരം ശക്തമാവുകയും വ്യാപാര വ്യവസായ രംഗത്തെ വിവിധ സംഘടനകള്‍ നിലപാട് കടുപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് സംയുക്ത ട്രേഡ് യൂണിയന്‍റെ 48 മണിക്കൂര്‍ പണിമുടക്ക്. 

ബിഎംഎസ് ഒഴികെ സംസ്ഥാനത്തെ 19 ട്രേഡ് യൂണിനുകളും പണിമുടക്കിന്‍റെ ഭാഗമാകുന്നതിനാല്‍ പണിമുടക്ക് ഹര്‍ത്താലിനെക്കാള്‍ ശക്തമാകാനാണ് സാധ്യത. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും ഓട്ടോ, ടാക്സി സര്‍വീസുകളും നിലയ്ക്കും. റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ പൊതുഗതാഗത മേഖലകളും പണിമുടക്കിന്‍റെ ഭാഗമാകും. 

ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് മേഖല, അസംഘടിത മേഖലയിലെ വിവിധ തൊഴിലിടങ്ങള്‍ എന്നിവയും ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കും. പാല്‍, പത്രം എന്നിവയ്ക്കൊപ്പം വിനോദസഞ്ചാരികളെയും ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടൂറിസ്റ്റുകള്‍ എത്തുന്ന വാഹനങ്ങള്‍ തടയുകയോ താമസിക്കുന്ന ഹോട്ടലുകള്‍ അടപ്പിക്കുകയോ ചെയ്യില്ല.

പണിമുടക്ക് ദിനം കടകള്‍ തുറക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുളള സംഘടനകളുടെ തീരുമാനം. ബിജെപി ഹര്‍ത്താലിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയ പശ്ചാത്തലത്തില്‍ പണിമുടക്ക് ദിനം സമാനമായ പ്രതിഷേധങ്ങള്‍ക്കും സാധ്യതയുണ്ട്. 

Follow Us:
Download App:
  • android
  • ios