കറൻസി പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നാളെ മുതൽ കടയടച്ചിടാനുള്ള തീരുമാനം വ്യാപാരി വ്യവസായി ഏകോപന സമിതി പിൻവലിച്ചു. അതേസമയം കാത്തിരുന്ന അഞ്ഞൂറിന്‍റെ നോട്ട് ഇന്നും കേരളത്തിൽ എത്തിയില്ല. അഞ്ഞൂറും ആയിരവും പിൻവലിച്ച് ആറു ദിവസം പിന്നിടുന്പോൾ നോട്ട് മാറാനുള്ള നെട്ടോട്ടത്തിന് പുറമെ ചില്ലറക്ഷാമവും കൊണ്ട് ജനം പൊറുതിമുട്ടി.

നഗരത്തിലെ എടിഎമ്മുകൾക്ക് മുന്നിൽ രാവിലെ തുടങ്ങി തിരക്ക്. കാശുള്ള എടിഎമ്മുകള്‍ക്ക് മുന്നിൽ ശരാശരി 20 പേരെങ്കിലുമുണ്ട് എപ്പോഴും. ഗ്രാമങ്ങളിൽ പക്ഷെ സ്ഥിതി വ്യത്യസ്ഥമാണ്. ആവശ്യത്തിന് എടിഎം കൗണ്ടറുകളില്ല, ഉള്ള എടിഎമ്മിൽ കാശുമെത്തിയില്ല. ഓടിയോടി മടുത്തും ഏറെ നേരം വരിനിന്നും വലയുന്ന ജനം.

ആയിരവും അഞ്ഞൂറും മാറ്റിവാങ്ങാൻ ബാങ്കുകളിൽ എത്തുന്നവര്‍ക്കും കുറവില്ല. കറൻസി പ്രതിസന്ധിക്കിടെ കടയടച്ച് പ്രതിഷേധിക്കാനുള്ള തീരുമാനം വ്യാപാരികൾ പിൻവലിച്ചത് ആശ്വാസ വാര്‍ത്തയായി.

വലിയ നോട്ടുകള്‍ മാറി നൽകാൻ ബാങ്ക് ശാഖയോട് ചേര്‍ന്ന് പ്രത്യേക കൗണ്ടറുകള്‍ തുടങ്ങാനും ആലോചനയുണ്ട്. ചില്ലറ ക്ഷാമം പരിഹരിക്കാനുള്ള നീക്കം പ്രധാനമായും ചെറുകിട വ്യാപാരികളെ ലക്ഷ്യമിട്ടാണ്. കൊച്ചിയിലേയും തിരുവനന്തപുരത്തേയും റിസര്‍വ് ബാങ്ക് റീജണൽ ഓഫീസുകളിലേക്ക് വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അതിനിടെ ബാങ്കുകളിൽ വിതരണം ചെയ്തത് മുഷിഞ്ഞ നോട്ടുകളാണെന്ന പരാതിയും വ്യാപകമാണ്. നേരത്തെ പിൻവലിച്ച പഴയ 100, 50 നോട്ടുകളാണ് വിതരണത്തിനെത്തിച്ചത്.