പ്രേതബാധയാരോപിച്ച് യുവതിയെ നഗ്നയാക്കി കെട്ടിയിട്ട് ചിതയിലെറിഞ്ഞു കൊന്നു. വില്‍മ ട്രിജിലോ എന്ന 25കാരിയാണ് കൊല്ലപ്പെട്ടത്. നിക്കാരഗ്വയിലാണ് സംഭവം. വില്‍മയ്ക്ക് പ്രേതബാധയുണ്ടെന്ന് ആരോപിച്ച് ഒഴിപ്പിക്കല്‍ കര്‍മ്മങ്ങളുടെ ഭാഗമായി അവരെ നഗ്നയാക്കുകയും തുടര്‍ന്ന് കെട്ടിയിട്ട ശേഷം ചിതയില്‍ എറിയുകയുമായിരുന്നു. 

ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ജുവാന്‍ റോച എന്ന പാസ്റ്ററിന്റെ നേതൃത്വത്തിലാണ് ബാധയൊഴിപ്പിക്കല്‍ നടന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. റോചയുടെ നേതൃത്വത്തില്‍ യുവതിയെ തീയില്‍ എറിയുകയായിരുന്നു. അസംബ്ലി ഗോഡ് സഭാവിഭാഗത്തിലെ പാസ്റ്ററാണ് റോച. 

അതേസമയം വില്‍മയില്‍ പ്രേതബാധയുണ്ടായിരുന്നെന്ന ആരോപണം അവരുടെ ഭര്‍ത്താവ് റെയ്‌നോള്‍ഡോ പെറാള്‍ട്ട നിഷേധിച്ചു. ബാധയൊഴിപ്പിക്കലിന് എന്ന പേരില്‍ എത്തിയ പാസ്റ്ററും സംഘവും ദുര്‍മന്ത്രവാദികളാണെന്നും ഇയാള്‍ പറഞ്ഞു. താന്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് അതിക്രമം നടന്നതെന്നും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. 

ക്രൂരകൃത്യത്തിനെതിരെ നിക്കാരഗ്വയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് നിക്കാരഗ്വ വൈസ് പ്രസിഡന്റ് റൊസാരിയോ മുരില്ലോ വ്യക്തമാക്കി.