കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂര്‍ ഗസ്റ്റ്ഹൗസിലെ ഒന്നാം നമ്പര്‍ മുറിയിലേക്ക് ഇ.പി ജയരാജനെ, പിണറായി വിജന്‍ വിളിച്ചു വരുത്തി ശാസിച്ചപ്പോള്‍ മുതല്‍ ജയരാജന്റെ മന്ത്രിപദം തുലാസിലായിരുന്നു. അന്ന് തന്നെ കോടിയേരിയെ വിളിച്ച് സെക്രട്ടേറിയറ്റ് യോഗവും പിണറായി നിശ്ചയിച്ചു. പുറത്ത് വിവാദ പെരുമഴ പെയ്യുമ്പോഴും പിണറായി ശാന്തനായി നിന്നു. ഇന്ന് രാവിലെ ഏഴു മണിക്ക് പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ പാസിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്ത് പിണറായി വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്.

നിര്‍ണായക സെക്രട്ടേറിയറ്റ് യോഗം തുടങ്ങാന്‍ രണ്ടര മണിക്കൂര്‍ മാത്രം അവശേഷിക്കെ പിണറായിയുടെ വാക്കുകള്‍ ജയരാജന്റെ രാജി സൂചിപ്പിക്കുന്നതായിരുന്നു. പിന്നീട് രംഗം എ.കെ.ജി സെന്ററിലേക്ക് മാറി. മന്ത്രിമാരടക്കം സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ജയരാജനെ വിമര്‍ശിച്ചു. പിണറായിയും കോടിയേരിയും നിലപാട് കടുപ്പിച്ചു. കടിച്ചു തൂങ്ങാനില്ലെന്ന് അറിയിച്ച് ഒടുവില്‍ ജയരാജന്‍ രാജിക്ക് തയ്യാറായി. രാജിക്കത്ത് എ.കെ.ജി സെന്ററില്‍ വച്ചുതന്നെ മുഖ്യമന്ത്രിക്ക് കൈമാറി. നിങ്ങള്‍ക്കെല്ലാം സന്തോഷമായില്ലേ എന്ന് ചോദിച്ച് ജയരാജന്‍ എ.കെ.ജി സെന്ററില്‍ നിന്നിറങ്ങുമ്പോള്‍ അകത്ത് നിന്നറിയിപ്പ് വന്നു. കോടിയേരി ഉടന്‍ മാധ്യമങ്ങളെ കാണും. വ്യവസായവകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യും. ഇ.പിക്കും പി.കെ ശ്രീമതിക്കുമെതിരായ സംഘടനാ നടപടി പാര്‍ട്ടി പിന്നീട് തീരുമാനിക്കും. പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളായിരിക്കും ഇക്കാര്യം തീരുമാനിക്കുക.