യുഎഇയില്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യാം. 12 മുതല്‍ 18 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി.

യുഎഇയില്‍ ഇതുവരെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഇതിന് മാറ്റം വരുത്തിക്കൊണ്ടാണ് മാനവ വിഭവ ശേഷി മന്ത്രാലം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം 12 വയസ് മുതല്‍ 18 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി ലഭിക്കും. എന്നാല്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ മാത്രമായിരിക്കും അനുമതി ലഭിക്കുക. സ്വദേശി, വിദേശി വിദ്യാര്‍ത്ഥികളെന്ന് വ്യത്യാസമില്ലാതെയാണ് അനുമതി. വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വ്യത്യസ്ത തരത്തിലുള്ള വര്‍ക്ക് പെര്‍മിറ്റുകളാണ് അനുവദിക്കുക. താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ്, പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ്, ജുവനൈല്‍ വര്‍ക്ക് പെര്‍മിറ്റ് എന്നിവയാണിവ. ഏതെങ്കിലും ഒരു പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്കാണ് താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുക. പരമാവധി ആറ്
മാസത്തേക്കായിരിക്കും അനുമതി.

പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ് പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ദിവസം ചില മണിക്കൂറുകള്‍ മാത്രം സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സംവിധാനമാണ്. ഒരു വര്‍ഷത്തേയ്‍ക്കാണ് ഇതിനുള്ള അനുമതി ലഭിക്കുക. ജുവനൈല്‍ വര്‍ക്ക് പെര്‍മിറ്റ് ഒരു സ്ഥാപനത്തിലെ മുഴുവന്‍ സമയ ജോലി എടുക്കാനുള്ള അനുമതിയാണ്. ഒരു വര്‍ഷമാണ് ഇതിന്‍റേയും കാലാവധി. 15 വയസ് മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് മാത്രമേ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ.

വിദ്യാര്‍ത്ഥികളെ ഒരു ദിവസം പരമാവധി ആറ് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യിപ്പിക്കാവൂ എന്ന നിബന്ധനയുണ്ട്. ഒരു മണിക്കൂര്‍ ഇടവേള നല്‍കണം. തുടര്‍ച്ചയായി നാല് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യിപ്പിക്കാന്‍
പാടുള്ളൂവെന്നും നിബന്ധനയില്‍ വ്യക്തമാക്കുന്നു.