അഖിലിനെ ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കുന്നുണ്ട്.
കൊല്ലം: എഞ്ചിനിയറിങ്ങ് കോളജ് വിദ്യാർത്ഥിയെ പൊലീസ് മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ ചവറ ഐഎച്ച്ആർഡി എഞ്ചിനിയറിങ്ങ് കോളജ് വിദ്യാർത്ഥി അഖില്‍ കൃഷ്ണ കൊല്ലത്തെ സ്വാകര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ്സ് സ്റ്റാന്‍റിന് സമിപം കൂട്ടാകാർക്ക് ഒപ്പം ബസ്സ് കാത്ത് നിന്ന അഖിലിനെ കരുനാഗപ്പള്ളി എസ്ഐ ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി മർദ്ദിച്ചുവെന്നാണ് പരാതി.
അഖിലിനെ ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കുന്നുണ്ട്. സ്റ്റേഷനില്‍വച്ച് എസ്ഐ ക്രുരമായി മർദ്ദിച്ച ശേഷം പൊതുസ്ഥലത്ത് ബഹളം വച്ചു എന്ന വകുപ്പ് അനുസരിച്ച് പെറ്റി കേസ്സ് ചുമത്തിയെന്നും അഖില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മർദ്ദനമേറ്റ വിദ്യാർത്ഥി ഇപ്പോള്‍ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
എസ്ഐക്ക് എതിരെ നടപടി ആവശ്യപ്പെട്ട് അഖിലിന്‍റെ ബന്ധുക്കള്‍ സിറ്റി പൊലീസ് കമ്മിഷണർ ഉള്‍പ്പടെയുള്ളവർക്ക് പരാതി നല്‍കി. അതേസമയം പൂവാല ശല്യമുള്ള ബസ്സ്റ്റാന്‍റിന്‍റെ ഭാഗത്ത് കൂടിനിന്ന വിദ്യാർത്ഥികളോട് പിരിഞ്ഞ് പോകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും പോയില്ല. വിദ്യാർത്ഥികളും പൊലീസുമായി വാക്കേറ്റമുണ്ടായി. ഇതെ തുടർന്നാണ് അഖിലിനെ ജീപ്പില്‍ കയറ്റി കൊണ്ട് പോയതെന്ന് സിറ്റിപൊലീസ് കമ്മിഷർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.
