തിരുവനന്തപുരം: നെയ്യാറ്റിൻകര ധനുവച്ചപുരം എൻ.എസ്.എസ് എച്ച് എസ്.എസ് സ്‌കൂളിൽ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിക്ക് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദനം. മർദനത്തിൽ പരിക്കേറ്റു റോഡിൽ കിടന്ന വിദ്യാർഥിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് തടഞ്ഞു നിറുത്തി ഡ്രൈവറെ പൊലീസ് കയ്യേറ്റം ചെയ്തതായി ആരോപണം. ധനുവച്ചപുരത്ത് ബി.ജെ.പി എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. ജനപ്രതിനിധികളെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ധനുവച്ചപുരം കൊല്ലയിൽ പഞ്ചായത്തിൽ നാളെ ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം ധനുവച്ചപുരം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ആദിത്യനാണ് മർദനമേറ്റത്. പരീക്ഷ എഴുതാൻ സ്‌കൂളിലെത്തിയ ആദിത്യനെ ഒരു സംഘം എസ്.എഫ്.ഐ , ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ് അവശനായി റോഡിൽ കിടന്ന കുട്ടിയെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ധർമിഷ്ഠ എന്ന ആംബുലൻസ് എത്തി നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാൽ ധനുവച്ചപുരം ഐ.എച്ച്. ആർ.ഡിക്ക് മുന്നിൽ എത്തിയപ്പോൾ ഒരു സംഘം ആംബുലൻസ് തടയുകയും തുടർന്ന് ഐ.എച്ച്. ആർ.ഡിക്ക് ഉള്ളിൽ നിന്നും ആംബുലൻസിനു നേരെ എസ്.എഫ്.ഐ പ്രവർത്തകർ ബിയർ കുപ്പികളും കല്ലുകളും എറിഞ്ഞതായി പറയുന്നു. കല്ലേറിൽ ആംബുലൻസിന്റെ ചില്ലുകൾ തകർന്നു.
സംഭവം അറിഞ്ഞു ബി.ജെ.പിയുടെ ഭരണത്തിലുള്ള കൊല്ലയിൽ പഞ്ചായത്തിലെ അംഗങ്ങൾ എത്തിയാണ് ആംബുലൻസ് മോചിപ്പിച്ചു വിട്ടത്. എന്നാൽ ഇവർക്ക് നേരെയും കല്ലേറ് നടന്നു. ഇതോടെ സ്ഥലത്തു ബി.ജെ.പി, ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ നേരിയ രീതിയിൽ സംഘർഷം ഉണ്ടായി. വിവരം അറിഞ്ഞു നെയ്യാറ്റിൻകരയിൽ നിന്നും പൊലീസ് എത്തി ലാത്തി വീശി ഇരു വിഭാഗത്തെയും പിരിച്ചുവിട്ടതിനാൽ വലിയ രീതിയിൽ സംഘർഷമുണ്ടായില്ല. എന്നാൽ പഞ്ചായത്ത് അംഗങ്ങൾക്ക് നേരെയും പൊലീസ് ആക്രമണം അഴിച്ചുവിട്ടതായി പറയുന്നു. ഇതിനെ തുടർന്ന് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് പടിക്കലും റോഡിലും കുത്തിയിരുന്നു പ്രതിഷേധിച്ചു.
പരിക്കേറ്റ ആദിത്യനുമായി ആംബുലൻസ് ധനുവച്ചപുരത്തിന് സമീപം എത്തിയപ്പോൾ ഒരു സംഘം പൊലീസുകാർ അസഭ്യം വിളിച്ചുകൊണ്ട് ആംബുലൻസ് തടയുകയും ആംബുലൻസ് ഓടിച്ചിരുന്ന ഡ്രൈവർ ലാൽ കൃഷ്ണനെ യാതൊരു പ്രകോപനവും കൂടാതെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുനത്. തലയ്ക്ക് പരിക്ക് പറ്റിയ ആദിത്യനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിറുത്തി ഡ്രൈവറെ മർദിച്ച പൊലീസ് നടപടിക്കെതിരെ പരക്കെ പ്രധിഷേധം ഉയർന്നിരിക്കുകയാണ്. തുടർ സംഘർഷ സാധ്യത കണക്കിലെടുത്ത് ധനുവച്ചപുരത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
