ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് വിദ്യാർത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാർത്ഥികള്‍ കഴിച്ചത് പ്രത്യേക തരം മരുന്നെന്ന് ആരോപണം

മുംബൈ: ഗോവണ്ടിയിലെ സഞ്ജയ് നഗര്‍ ഉര്‍ദു സ്‌കൂളില്‍ വിഷം ഉള്ളില്‍ പെട്ട് ഒരു വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. പന്ത്രണ്ട് വയസ്സുകാരിയായ ചാന്ദ്‌നി സാഹില്‍ ഷെയ്ഖാണ് മരിച്ചത്. സ്‌കൂളിലെ 30 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഛര്‍ദ്ദിയും വയറുവേദനയുമുള്‍പ്പെടെയുള്ള ലക്ഷണങ്ങളെ തുടര്‍ന്ന് സ്‌കൂളിലെ നൂറിലധികം വിദ്യാര്‍ത്ഥികളെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മുപ്പത് പേര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ആരും അപകടനിലയിലല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. 

സ്‌കൂളില്‍ വച്ചാകാം കുട്ടികളുടെ ഉള്ളിലേക്ക് വിഷം പെട്ടതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അതിനാല്‍ തന്നെ സ്‌കൂള്‍ കേന്ദ്രീകരിച്ച് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. അതിനിടെ പ്രത്യേക തരം മരുന്നാണ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണമായതെന്നും ഇതേ മരുന്ന് മറ്റ് കുട്ടികളും കഴിച്ചിട്ടുണ്ടെന്നുമുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്.