മുബൈ: സ്‌കൂളിലെ നാടകത്തില്‍ അഭിനയിക്കുന്നതിനിടെ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിക്ക്‌ സഹതാരത്തിന്റെ കൈയില്‍ നിന്ന്‌ അബദ്ധത്തില്‍ കുത്തേറ്റു. കാണാതായ കളികത്തിക്കു പകരം നാടകത്തില്‍ ശരിക്കുമുള്ള കത്തി ഉപയോഗിച്ചതാണ്‌ അപകടത്തിനിടയാക്കിയത്‌. വര്‍ഷാവര്‍ഷം സ്‌കൂളില്‍ നടത്തുന്ന നാടക മത്സരത്തിനിടെയായിരുന്നു സംഭവം. കുട്ടിയുടെ കഴുത്തില്‍ ആറ്‌ തുന്നലുകളുണ്ട്. ആശുപത്രിവിട്ട് സുഖം പ്രാപിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു.

നാടകത്തിനായി കരുതിവെച്ചിരുന്ന കളിക്കത്തി തിരക്കിനിടയില്‍ കാണാതാവുകയും പെട്ടെന്നു കയ്യില്‍ കിട്ടിയ അസല്‍ കത്തി ഉപയോഗിച്ച്‌ കഴുത്തില്‍ വെട്ടുന്ന രംഗം അവതരിപ്പിച്ചതുമാണ്‌ അപകടത്തിലേക്ക്‌ നയിച്ചത്‌. ആക്രമണത്തിന്‌ ശേഷം മുറിവേറ്റു നിലത്തുവീണ വിദ്യാര്‍ത്ഥി ചുവന്ന മഷിയില്‍ മുങ്ങി ഏഴുമിനിറ്റ്‌ കിടക്കണമെന്നായിരുന്നു നാടകത്തിലെ സ്ക്രിപ്റ്റ്. ഇതിനായി ബലൂണില്‍ ചുവന്ന മഷി കരുതിയിരുന്നു. അവതരണത്തിനിടെ യഥാര്‍ത്ഥത്തില്‍ മുറിവേറ്റുവെങ്കിലും അത്‌ അറിയിക്കാതെ ഏഴ്‌ മിനുറ്റ്‌ നേരം വിദ്യാര്‍ത്ഥി നിലത്തു കിടന്നു. നാടകം കഴിഞ്ഞ്‌ സ്‌റ്റേജിനു പിന്നില്‍ എത്തിയാണ്‌ വിവരം മറ്റുള്ളവരെ അറിയിച്ചത്. ഉടന്‍ തന്നെ അധ്യാപകര്‍ സ്‌കൂളില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ എത്തിച്ചു.

അപകടം ഉണ്ടായ നാടകത്തിനാണ്‌ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ്‌ രേഖപ്പെടുത്തി. അബദ്ധത്തില്‍ പറ്റിയതാണെന്നും പരാതിയില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞതിനാല്‍ പൊലീസ്‌ കേസെടുത്തില്ല.