കോഴിക്കോട്: കോഴിക്കോട് കാരന്തൂരില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വം വഹിക്കുന്ന മര്‍ക്കസ് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വിദ്യാര്‍ത്ഥി സമരം. അംഗീകാരം ഇല്ലാത്ത കോഴ്‌സുകള്‍ നടത്തി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി എന്നാരോപിച്ചാണ് 400 ഓളം വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്.

മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിലെ വിദ്യാര്‍ത്ഥികളാണ് സമരം ആരംഭിച്ചിരിക്കുന്നത്. അംഗീകാരം ഇല്ലാത്ത മൂന്ന് എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകള്‍ നടത്തി സ്ഥാപനം വഞ്ചിച്ചുവെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ഒന്നര ലക്ഷത്തോളം രൂപയാണ് കോഴ്‌സ് ഫീസായി ഇടാക്കിയത്. ഹോസ്റ്റല്‍ ഫീസുള്‍പ്പെടെ വന്‍ തുകയും നല്‍കേണ്ടി വന്നു. ജോലി അന്വേഷണം തുടങ്ങിയപ്പോഴാണ് കോഴ്‌സിന് അംഗീകാരം ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞത്. നാല് തവണ മാനേജ്‌മെന്റുമായി വിദ്യാര്‍ത്ഥികള്‍ ചര്‍ച്ച നടത്തി. നഷ്ടപരിഹാരം നല്‍കാമെന്ന വാഗ്ദാനം നല്‍കിയെങ്കിലും അധികൃതര്‍ വാക്ക് പാലിച്ചില്ലെന്നാണ് പരാതി.

2016ഓടെ കോളേജ് അടച്ച് പൂട്ടുകയും സ്ഥാപനം ഡ്രൈവിങ്ങ് സ്‌കൂളാക്കി മാറ്റുകയും ചെയ്തു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എം.എസ്.എഫ് നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് ഒഴികെയുള്ള കോഴ്‌സുകള്‍ക്ക് അംഗീകാരം ഉണ്ടെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് മാനേജ്‌മെന്റ് വിശദീകരണം. എം.എസ്.എഫ് സമരത്തിന് നേതൃത്വം നല്‍കുന്നത് രാഷ്ടീയ ലക്ഷ്യം വച്ചാണെന്നും മാനേജ്‌മെന്റ് കുറ്റപെടുത്തുന്നു.