കാണ്‍പൂര്‍: ജീൻസ് ധരിച്ച് സ്കൂളിൽ എത്തിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ സ്കൂൾ മാനേജരുടെ അതിക്രമം. മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് ഇയാൾ ജീൻസ് കത്രിക ഉപയോഗിച്ച് മുറിച്ചുകളഞ്ഞു. കത്രിക കൊണ്ട് വിദ്യാർത്ഥിയുടെ കാലിന് പരിക്കേറ്റു.

കാൻപൂരിലെ ഡോ. ബി.ആർ. അംദേബ്കർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുടെ ജീൻസാണ് സ്കൂൾ മാനേജർ മഹേന്ദ്ര ഭാട്ടിയാർ മുറിച്ചത്. യൂണിഫോം ധരിക്കാതെ സ്കൂളിൽ എത്തിയതാണ് മാനേജരെ പ്രകോപിപ്പിച്ചത്.
ആകെയുള്ള യൂണിഫോം അഴുക്ക് പറ്റിയതുകൊണ്ടാണ് ജീൻസ് ധരിച്ച് സ്കൂളിലെത്തിതെന്ന് വിദ്യാർത്ഥി പറഞ്ഞെങ്കിലും മാനേജർ പിന്മാറിയില്ല.

സ്കൂൾ മാനേജർ മുൻപും ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടെന്ന പരാതിയുമായി പെൺകുട്ടികളടക്കം കൂടുതൽ വിദ്യാർ‍ത്ഥികൾ രംഗത്തെത്തി. മാനേജർക്കെതിരെ ദെഹാത്ത് പൊലീസിനെ പലതവണ സമീപിച്ചെങ്കിലും പരാതി കേൾക്കാൻ പോലും തയ്യാറാകുന്നില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. അതേസമയം, സ്കൂൾ മാനേജർക്കെതിരെ വൈകാതെ നടപടിയെടുക്കുമെന്നാണ് പൊലീസിന്‍റെ വിശദീകരണം.