പത്താം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയത് സ്കൂളിലെ പീഡനം മൂലമെന്ന് ആരോപണം

കാസര്‍കോട്: ബൈള്ളൂരിൽ പത്താംക്ലാസ് വിദ്യാർഥി ചരണ്‍രാജ് ജീവനൊടുക്കിയത് സ്കൂളിന്‍റെ പീഡനം മൂലമെന്ന് ആരോപണം. നൂറു ശതമാനം വിജയത്തിനായ് പീഡിപ്പിച്ചെന്നാണ് ആരോപണം.

കഴിഞ്ഞ ശനിയാഴ്ചയാണ് ചരൺരാജ് വീട്ടുമുറ്റത്തെ മരക്കൊമ്പിൽ ജീവിതമവസനിപ്പിച്ചത്. സുള്ള്യപദവിലെ സർവോദയ മാനേജ്മന്റ് സ്കൂൾ പത്താംതരം വിദ്യാർഥിയായിരുന്നു ചരണ്‍. കർണാടകയിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് മുമ്പ് താലൂക്ക് ജില്ലാ അടിസ്ഥാനത്തിൽ പരീക്ഷയുണ്ട്. 

ഇതിൽ ഹിന്ദിയിൽ ചരൺരാജ് തോറ്റു. കഴിഞ്ഞ രണ്ടുമാസമായി വീട്ടിൽ വിടാതെ തടവിലിട്ട് പഠിപ്പിക്കുകയായിരുന്നു. ഒടുവിൽ പീഡനം സഹിക്കാനാകാതെ കള്ളം പറഞ് വീട്ടിലെത്തി. അടുത്ത ദിവസം ആത്മഹത്യയും ചെയ്തു.

മകന്‍ പോയ അന്ന് തളർന്ന് വീണ അമ്മ ഇപ്പോഴും എഴുന്നേറ്റിട്ടില്ല. പൊതുപ്രവർത്തകൻ സിജിമാത്യുവിന്റെ ഇടപെടലിലാണ് സംഭവം പുറത്തറിഞ്ഞത്. ആദൂർ സിഐക്കാണ് അന്വേഷണ ചുമതല.. സ്കൂൾ അധികൃതരാരും സംഭവത്തെകുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.